പാവങ്ങളുടെ അമ്മ മദര്‍ തെരേസയെ വത്തിക്കാനില്‍ പോപ്പ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ മദറിന്‍റെ പേരില്ലുള്ള ഇന്ത്യയിലെ ആദ്യ പള്ളിയുടെ കൂദാശയും തിരുസ്വരൂപ പ്രതിഷ്ഠയും നടന്നു.
കല്‍പറ്റയ്ക്കടുത്ത് വെണ്ണിയോട് വലിയ പാലത്തിന് സമീപം തീര്‍ത്ത പള്ളിയുടെ ആശീര്‍വാദ കര്‍മ്മം മാനന്തവാടി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ഞരളക്കാട് ആയിരുന്നു നിര്‍വഹിച്ചത്.
കുമ്പിള്‍ മരത്തിലെ ഒറ്റത്തടിയില്‍ തീര്‍ത്ത മദറിന്‍റെ രൂപം കൊല്ലം നീണ്ടകരയിലെ ജോര്‍ജ്ജ് ജോസഫാണ് വയനാട്ടിലെ പള്ളിയിലേക്ക് സംഭാവന ചെയ്തത്. മദര്‍ തെരേസയുടെ നാലര അടി ഉയരമുള്ള രൂപം പത്തനംതിട്ടയിലെ ആര്‍ട്ടിസ്റ്റ് ഓമനക്കുട്ടനാണ് കൊത്തിയുണ്ടാക്കിയത്.
തിരൂരില്‍ താമസമാക്കിയ എറണാകുളം സ്വദേശി ചിത്രകൂടം സേവ്യര്‍ പള്ളിച്ചുമരില്‍ മദറിന്‍റെ ചിത്രം വരച്ചു. മദറിന്‍റെ പുഞ്ചിരിക്കുന്ന മുഖമാണ് ദേവാലയ ചുമരിനെ അലങ്കരിക്കുന്നത്.
കുറച്ചു വര്‍ഷം മുമ്പ് ആരംഭിച്ച ദേവാലയത്തിന്‍റെ ജോലി പിന്നീട് നിന്നു പോവുകയായിരുന്നു. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതറിഞ്ഞ നാട്ടുകാര്‍ ഉടന്‍ ദേവാലയ നിര്‍മ്മാണം പുനരാരംഭിക്കുകയായിരുന്നു. പത്ത് സെന്‍റ് സ്ഥലത്ത്് നിലകൊള്ളൂന്ന ദേവാലയത്തിന്‍റെ ജോലികള്‍ ഏറെയും ചെയ്തിരിക്കുന്നത് നാട്ടുകാരാണ്.
ആദിവാസികള്‍ ഉള്‍പ്പൈടെ ജാതിമതഭേദമന്യേയുള്ളവരുടെ സഹകരണം മൂലം ഒരുമാസത്തിനകം പള്ളിയുടെ പണി പൂര്‍ത്തിയാക്കി. ഒന്നര മീറ്റര്‍ ഉയരത്തില്‍ നാനൂറ് ലോഡ് മണ്ണ് ഇറക്കിയാണ് പള്ളി നില്‍ക്കുന്ന സ്ഥലം ഉയര്‍ത്തിയത്. കൊട്ടത്തറ സെന്‍റ് ആന്‍റണീസ് ദേവാലയത്തിന് കീഴിലാണ് വെണ്ണിയോട് മദര്‍ തെരേസ പള്ളി നില്‍ക്കുന്നത്.
|