എറണാകുളത്തെ മട്ടാഞ്ചേരിയിലെ കൂനന്‍കുരിശ് നിരവധി ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. റോമാ സഭയെ അംഗീകരിക്കുകയില്ലെന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി സത്യം ചെയ്ത ചരിത്രസംഭവമാണ് കൂനന്‍ കുരിശിന് പേരും പ്രശസ്തിയും നേടിക്കൊടുത്തത്.
മാര്‍ത്തോമാ സഭ മാര്‍പാപ്പയെ അംഗീകരിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും രണ്ടായി പിരിഞ്ഞത് കൂനന്‍കുരിശു സത്യത്തോടു കൂടിയാണ്. വിധിവൈപരീത്യമെന്നു പറയട്ടെ, മാര്‍പ്പാപ്പയേയും റോമിനേയും അംഗീകരിക്കുന്ന മാര്‍ത്തോമ്മാ വിഭാഗത്തിന്‍റെ പള്ളിയുടെ അധീനതയിലാണ് കൂനന്‍കുരിശിപ്പോള്‍.
കൂനന്‍ കുരിശിന് പിരാന്തന്‍ കുരിയച്ചന്‍ എന്ന പേരുമുണ്ട്. കൂനന്‍കുരിശിന് പിരാന്തന്‍ കുരിശെന്ന പേരുണ്ടായതിനു പിന്നിലൊരു കഥയുണ്ട്. പോര്‍ട്ടുഗീസ് ഭാഷയില്‍ സാന്താക്രൂസ് എന്നതിനര്‍ത്ഥം വിശുദ്ധ കുരിശെന്നാണ്. പ്രാന്താക്രൂസ് എന്നാല്‍ വളഞ്ഞ കുരിശെന്നുമര്‍ത്ഥം. പോര്‍ച്ചുഗീസ് ഭാഷയറിയാത്ത നാട്ടുകാര്‍ പറഞ്ഞുപറഞ്ഞ് പ്രാന്താക്രൂസ് പിരാന്തന്‍ കുരിയച്ചനായി.
കട്ടവനെ പിടികൂടാന്‍ കുരിയച്ചന്‍ വിരുതനാണെന്ന് ഒരു വിശ്വാസമുണ്ട്. ഒരു ചുറ്റുവിളക്കും പൂമാലയും നേര്‍ന്നാല്‍ പോലീസിനു പോലും പിടികിട്ടാത്തവര്‍ ഭ്രാന്തുപിടിച്ച് തൊണ്ടിസഹിതം ഉടമസ്ഥന്‍െറ മുന്നില്‍ ഹാജരായി കാലില്‍ കെട്ടി വീഴുമെത്രെ. മോഷണം നിത്യസംഭവമായ കമ്പോളഭാഗത്ത് പിരാന്തന്‍ കുരിയച്ചന്‍ മോഷ്ടാക്കള്‍ക്ക് പേടിസ്വപ്നമായി.
കമ്പോളവഴിയില്‍ നാട്ടിയിരുന്ന കുരിശ് യാത്രക്കാര്‍ക്ക് ചിലപ്പോഴൊക്കെ വിശ്രമസ്ഥലമായപ്പൊള്‍ ഇതിന് പാന്ഥന്‍ കുരിശെന്ന പേരുമുണ്ടായി. ജാതിഭേദമന്യേ നിരവധിയാളുകള്‍ ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്ന കൂനന്‍കുരിശിന്‍റെ ചരിത്രം രസകരമാണ്. 1653 ജനുവരി 3ന് ഒരു വെള്ളിയാഴ്ചയാണ് ആ ചരിത്രസംഭവം നടന്നത്. ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യം നടന്നിട്ടിപ്പോള്‍ 350 വര്‍ഷം പിന്നിടുന്നു.
|