അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഒക്‍ടോബര്‍ പന്ത്രണ്ടിന് ഭരണങ്ങാനം പള്ളിയില്‍ ഒരു വിശിഷ്ടാതിഥി ഉണ്ടായിരിക്കും - 99 കാരിയായ ലക്ഷ്മിക്കുട്ടിയമ്മ. ആര്‍പ്പൂക്കര തൊണ്ണംകുഴി കരോട്ട് പൊങ്ങവനം തറവാട്ടിലെ ലക്ഷ്മിക്കുട്ടിയമ്മ അല്‍ഫോണ്‍സാമ്മയുടെ കളിക്കൂട്ടുകാരിയായിരുന്നു.
തന്‍റെ കൂട്ടുകാരിയെ വിശുദ്ധയാവുന്ന ചടങ്ങില്‍ ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷി നില്‍ക്കാന്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ഭാഗ്യമുണ്ടായി. തൊണ്ണം കുഴി എല്‍ പി സ്കൂളില്‍ അല്‍ഫോണാസാമ്മയും ലക്ഷ്മിക്കുട്ടിയും ഒരേ ക്ലാസിലാണ് പഠിച്ചത്. മുട്ടംപാടത്തു നിന്നും അല്‍ഫോണ്‍സാമ്മ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലെത്തി ഒരു കിലോമീറ്റര്‍ നടന്നാണ് സ്കൂളിലേക്ക് പോയിരുന്നത്. തിരിച്ചിങ്ങോട്ടും അവരിരുവരും ഒരുമിച്ചാണ് വരിക.
ലോകം വിശുദ്ധയായി വാഴ്ത്താനൊരുങ്ങുന്ന അല്‍ഫോണ്‍സാമ്മ ലക്ഷ്മിക്കുട്ടിയുടെ മനസ്സില്‍ ഇപ്പോഴും അന്നക്കുട്ടിയാണ്. തിരുവസ്ത്രം അണിഞ്ഞ ശേഷം കണ്ടപ്പോള്‍ അന്നക്കുട്ടി ലക്ഷ്മിക്കുട്ടിക്ക് ഒരു പുസ്തകം സമ്മാനം നല്‍കി. അത് കുറേക്കാലം ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു. പക്ഷെ പെട്ടി ചിതലരിച്ചപ്പോള്‍ പുസ്തകവും നഷ്ടപ്പെട്ടു.
മഠത്തില്‍ ചേര്‍ന്നതില്‍ പിന്നെ പലപ്പോഴും ലക്ഷ്മിക്കുട്ടി അന്നക്കുട്ടിയേയും അന്നക്കുട്ടി ലക്ഷ്മിക്കുട്ടിയേയും സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷെ, 1946 ജൂലൈ 28 ന് അല്‍ഫോണ്‍സാമ്മ വിട്ടു പിരിഞ്ഞപ്പോള്‍ പോയി കാണാന്‍ കഴിഞ്ഞില്ല. ലക്ഷ്മിക്കുട്ടി പ്രസവിച്ചു കിടക്കുകയായിരുന്നു.
ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവ് നാട്ടാശേരി തുരുത്തില്‍ വീട്ടിലെ രാവുണ്ണി കുറുപ്പ് മരിച്ചിട്ട് 16 വര്‍ഷമായി. മൂത്ത മകന്‍ ഭാസ്കരന്‍ നായരും നന്ദകുമാരന്‍ നായരും മരിച്ചു.
ഇപ്പോള്‍ നന്ദകുമാരന്‍റെ മകന്‍ ബിനുവിനോടൊപ്പമാണ് താമസം. ഇടുങ്ങിയ ഒരു മുറിയില്‍ സുദീര്‍ഘമായ വാര്‍ദ്ധക്യം അനുഭവിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മ കൂട്ടുകാരിയായ അല്‍ഫോണ്‍സാമ്മയുടെ ചിത്രം സൂക്ഷിച്ചു വച്ചിട്ടുണ്ട്, ആരാധനയോടെ. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|