മാതാ അമൃതാനന്ദമയി ദേവിയുടെ 55-ാംപിറന്നാളാഘോഷത്തിന് ശനിയാഴ്ച കൊല്ലം വള്ളിക്കാവിലെ അമൃതപുരി വേദിയായി. അമ്മയുടെ ജന്മദിനം പ്രമാണിച്ച് തപാല്‍വകുപ്പ് പുറത്തിറക്കുന്ന കവര്‍ പ്രകാശനം ഇന്ന് ചെയ്തു.അഞ്ചു വങ്കരകളില്‍ നിന്നായി ലക്ഷക്കണക്കിനു ഭകതരാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.
അമൃതവിശ്വവിദ്യാപീഠത്തോടുചേര്‍ന്ന് ഒരുക്കിയ പന്തലില്‍ രണ്ടുലക്ഷം ഭക്തര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്.രാജധാനിയുടെ മാതൃകയിലുള്ള വേദി ബ്രഹ്മചാരി ബാബുവിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. ഇവിടെയാണ് ചടങ്ങുകള്‍ നടന്നത്.
ശനിയാഴ്‌ച പുലര്‍ച്ചെ 5ന് പന്തലിന്റെ വലതുവശത്തു തയ്യാറാക്കിയിട്ടുള്ള യജ്ഞവേദിയില്‍ സൂര്യകാലടി ഭട്ടതിരിപ്പാട് ഗണപതിഹോമം നടത്തി. പിന്നെ ലോക സമാധാനത്തിനും ശാന്തിക്കുമായി പതിനായിരങ്ങള്‍ പങ്കെടുത്ത ലളിതാസഹസ്രനാമാര്‍ച്ചനയായിരുന്നു .
രാവിലെ 7.30ന് അമ്മയുടെ പ്രഥമശിഷ്യനും അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്‌സംഗം നടന്നു. 9 മണിക്ക് മാതാ അമൃതാനന്ദമയിദേവി വേദിയില്‍ എത്തി. സ്വാമി അമൃതസ്വരൂപാനന്ദപുരിയും മറ്റുശിഷ്യരും ചേര്‍ന്ന് അമ്മയ്‌ക്ക് പാദപൂജ നടത്തി. ഭക്തരും ശിഷ്യരും അമ്മയെ ഹാരം അണിയിക്കുന്ന ചടങ്ങിനു ശേഷം. അമ്മ ജന്മദിനസന്ദേശം നല്‌കി.
11ന് തുടങ്ങിയ ജന്മദിനസമ്മേളനത്തില്‍, അമൃതകീര്‍ത്തിപുരസ്‌കാരം പ്രമുഖ സംസ്‌കൃത പണ്ഡിതനായ പ്രൊഫ. ആര്‍.വാസുദേവന്‍ പോറ്റിക്ക് 'മാതൃഭൂമി' മാനേജിങ്ങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. സമ്മാനിച്ചു. 123456 രൂപയാണ് സമ്മാനപ്പണം.
|