റമദാനിലെ ഏറ്റവും പുണ്യമായ രാവിന് വിശ്വാസികള്‍ തയ്യാറെടുക്കുന്നു. ആയിരം രാവുകളേക്കാള്‍ പുണ്യമുള്ള ‘ലൈലുത്തുള്‍ കദ്ര്’ന്‍റെ പുണ്യം സ്വീകരിക്കാനാണ് റമദാനിലെ ഇരുപത്തേഴാം രാവില്‍ സത്യവിശ്വാസികള്‍ തയ്യാറെടുക്കുന്നത്.
പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ടത് ഈ ദിവസമാണെന്നാണ് വിശ്വാസികള്‍ കരുതുന്നത്.
ദൈവത്തോടുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാനായി വിശ്വാസികള്‍ ഈ രാവില്‍ പ്രാര്‍ത്ഥനകളുമായി പള്ളികളില്‍ ചെലവഴിക്കുന്നു. പരസ്‌പരവിശ്വാസത്തോടെ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുകയാണ് ഈ ദിനത്തിന്‍റെ പ്രത്യേകത.
പതിവ് പ്രാര്‍ത്ഥന കൂടാതെ പ്രത്യേക പ്രാര്‍ത്ഥനകളും ഈ ദിവസം നടത്തുന്നു. രാത്രികാലം മുഴുവന്‍ നീണ്ടു നില്‍ക്കാറുള്ള പ്രാര്‍ത്ഥനയാണ് ഈ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. ഖുര്‍ആന്‍ വായനയും പ്രാര്‍ത്ഥനയുമായി ഈ രാവ് കഴിച്ചുകൂട്ടുന്നു.
റമദാനിലെ അവസാന പത്തു ദിവസങ്ങള്‍ വളരെ പുണ്യമായാണ് കരുതുന്നത്. ഇരുപത്തേഴാം രാവില്‍ ചെയ്യുന്ന പുണ്യ കര്‍മ്മങ്ങള്‍ക്ക് വലിയ പ്രതിഫലമായിരിക്കും അല്ലാഹു കരുതി വയ്‌ക്കുക.
കഴിഞ്ഞ 11 മാസത്തിനിടയില്‍ സംഭവിച്ചിട്ടുള്ള വീഴ്ചകള്‍, അകപ്പെട്ടുപോയ തിന്മകള്‍- എല്ലാറ്റിനും പ്രായശ്ചിത്തം നടത്തുന്നതും റമദാനിലാണ്. ഈ ഒരുമാസത്തെ ആത്മീയജീവിതത്തിലൂടെ വരാനിരിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ തെറ്റുകളിലേക്കു വഴുതിപ്പോവാതിരിക്കാനുള്ള കരുതലുകളെടുക്കുന്നു.
പരിശുദ്ധ റമദാനില്‍ നേടിയെടുത്ത കരുത്ത് ബാക്കി കാലത്തെ ജീവിതത്തില്‍ വിശ്വാസിക്കു മുതല്‍ക്കൂട്ടാവണം.
|