നന്മ തിന്മകള്‍ക്ക് ഇടയിലൂടെയുള്ള യാത്രയാണ് ജീവിതം. ഇതില്‍ ഏത് ഭാഗത്തേക്ക് മനുഷ്യന്‍ ചായുന്നു എന്ന് നിര്‍ണയിക്കുന്നത് അവന്‍ മുറുകെ പിടിക്കുന്ന മൂല്യമാണ്.
തെറ്റുകള്‍ ജീവിത്തിന്‍റെ സഹജഭാവമായി പോലും മാറുന്നു. തെറ്റുകളിലേക്ക് പതിക്കുന്നവര്‍ക്ക് പോലും തിരിച്ചുവരാനുള്ള പാത തുറക്കുകയാണ് റംസാന്‍. കരുണാമയനായ ദൈവം അതിനായി വിശുദ്ധിയുടെ വാതിലുകള്‍ റമദാനില്‍ തുറന്നു വയ്‌ക്കുന്നു.
പാപങ്ങളില്‍ നിന്ന് മുക്തനാവാനും നിഷ്‌കളങ്കതയാര്‍ജ്ജിക്കാനുമുള്ള സൗഭാഗ്യമാണ് റമദാനിലൂടെ സത്യവിശ്വാസികള്‍ പ്രയോജനപ്പെടുത്തുന്നത്. പാപം ചെയ്‌തയാള്‍ ആ ഒരു കാരണം കൊണ്ട് പില്‍കാല ജീവിതം അധര്‍മ്മത്തിന്‍റെ പാതയില്‍ വിനിയോഗിക്കാന്‍ പാടില്ല.
പശ്ചാപത്തിന്‍റെ വഴികള്‍ ഇസ്ലാം മതത്തിലും ഉണ്ട്. ചെയ്‌തു പോയ തിന്മയുടെ പാത ഉപേക്ഷിക്കുകയും അവയില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും ഇനി അത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് ശപഥം ചെയ്യുകയും ചെയ്‌താല്‍ ഇസ്ലാമില്‍ പശ്ചാത്താപത്തിന്‍റെ വഴി തുറന്നുകിട്ടും എന്നാണ് വിശ്വാസം.
മനസില്‍ തിന്മകള്‍ കുടിയേറുന്തോറും മനസ് കലുഷിതമാകുന്നു. ആര്‍ദ്രമായി ജീവിതത്തെ സമീപിക്കാന്‍ കഴിയാതെ വരുന്നു.
ഈ ഘട്ടത്തില്‍ നന്മയിലേക്ക് ഇനിയൊരു മടക്കം സാധ്യമല്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് കരുണാമയനായ അല്ലാഹു തുറന്നു വയ്‌ക്കുന്ന വഴിയാണ് റമദാന്‍.
|