ആദിയില്‍ ഉണ്ടായ ശബ്ദം ഓംകാരമാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. ജീവിതത്തിന്‍റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും അടങ്ങിയ ശബ്ദമായാണ് ‘ഓം’ കരുതപ്പെടുന്നത്.
ഓംകാരത്തിന്‍റെ മഹത്വത്തെ വിവരിക്കാത്ത ആദിമ ഗ്രന്ഥങ്ങളില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും എല്ലാം ‘ഓം’ എന്ന ശബ്ദത്തിന്‍റെ നാനാര്‍ത്ഥങ്ങളെ വിവരിക്കുന്നു. വേദങ്ങളുടെ സാരാംശമത്രയും അടങ്ങിയ ഒറ്റ ശബ്ദമായി ഓംകാരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
മിക്ക ഉപനിഷത്തുക്കളിലും ഓം കാരത്തിന്‍റെ പൊരുള്‍ ഓരോ തരത്തില്‍ വിവരിച്ചിട്ടുണ്ട്. മുണ്ഡകോപനിഷത്തിലെ വിവരണങ്ങള്‍ ഓം കാരത്തിന്‍റെ മഹത്വത്തെയാണ് വെളിവാക്കുന്നത്.
പാലില്‍ നിന്ന് വെണ്ണ കടഞ്ഞെടുക്കുന്നതു പോലെ വേദങ്ങളില്‍ നിന്നും കടഞ്ഞെടുത്ത സാരാംശമായി ഓം കാരം നിലനില്‍ക്കുന്നു.
‘അ’കാരം ഈശ്വരനേയും ‘ഉ’കാരം ജീവാത്മാവിനെയും ‘മ’കാരം ജീവികള്‍ക്ക് വേണ്ടി ഈശ്വര സേവ ചെയ്യുന്നവനേയും ആണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് വിവക്ഷ.
ഈ മൂന്നക്ഷരങ്ങളും യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ ആണ് കാണിക്കുന്നതെന്നാണ് മറ്റൊരു വിവക്ഷ.
‘ഓം’ എന്ന പ്രണവ മന്ത്രത്തെ ഉപാസന ചെയ്യുമ്പോള്‍ ഗായത്രി മന്ത്രത്തിലെ ‘ഭുര്‍ഭുവഃ സ്വഃ’ എന്നീ ചൊല്ലുകള്‍ (വ്യാഹൃതികള്‍) ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന ഗുണങ്ങളെ കുറിച്ച് മഹാചമസ്യന്‍ എന്ന മുനിവര്യന്‍ വിവരിക്കുന്നുണ്ട്.
|