ഇന്നു മുടിപ്പുര കെട്ടാന്‍ വയലുകളില്ല. വര്‍ഷത്തില്‍ പത്തുദിവസത്തോളം പുരകെട്ടി കുടിയിരുത്തിയ ദേവിയെ വരമ്പുകളില്‍ സ്ഥിരമായി കുടിയിരുത്തി. വയലിലെ മുടിപ്പുരകള്‍ കരയിലെ ക്ഷേത്രങ്ങളായി. അതോടെ ദേവിയെ കൊടുങ്ങല്ലൂരില്‍ നിന്നു വിളിച്ചു വരുത്തി കുടിയിരുത്തുന്ന വിശ്വാസവും അപ്രസക്തമായി.
കമുകിന്‍പൂവും പൂജാമലരുകളും ചുറ്റുവട്ടത്തു നിന്ന് അപ്രത്യക്ഷമായതോടെ എല്ലാം കമ്പോളത്തില്‍ നിന്നു വാങ്ങണമെന്നായി. കമ്പോളം അങ്ങിനെ മുടിപ്പുരകളെ ചെലവേറിയതാക്കി. ഇന്ന് മുടിപ്പുരകളില്‍ പൂജയും ഉത്സവപരിപാടികളും സ്പോണ്‍സര്‍മാരാണ് നടത്തുന്നത്.
കേരളത്തിന്‍റെ തെക്കേക്കോണില്‍ ആറ്റുകാല്‍, വെള്ളായണി, ബാലരാമപുരം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ കൂടുതലായി കണ്ടിരുന്ന മുടിപ്പുരകള്‍ പലതും ഇന്നു ക്ഷേത്രങ്ങളായി മാറിക്കഴിഞ്ഞു. നിത്യപൂജയ്ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമൊപ്പം ഇവിടെ മുടിപ്പുര ഉത്സവവും ആഘോഷിക്കുമെന്നു മാത്രം.
ദേവിയെ കുടിയിരുത്തേണ്ട സാഹചര്യം ഇല്ലാതായതോടെ, നെല്ലെന്നാല്‍ 'അരിശിച്ചെടി'യെന്നു നമ്മള്‍ കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയതോടെ, മുടിപ്പുരകളുടെ സ്വത്വത്തിനു തന്നെ മാറ്റം സംഭവിച്ചു. ഒരു പുരാതനവിശ്വാസം കൂടി കച്ചവടത്തിന്‍റെ പുതിയ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി.
വിളവിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കൂടുതല്‍ ലാഭത്തിനും വ്യക്തിപരമായ വിജയങ്ങള്‍ക്കും വേണ്ടിയായി. കടന്നുകയറ്റത്തിന്‍റെ പുത്തന്‍ സാദ്ധ്യതകള്‍ തേടി കമ്പോളം മതവും അധികാരവുമായുള്ള അതിന്‍റെ ബാന്ധവം ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
|