ഭാഗം 7
യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള സൂചനകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ഇസ്സാ (യേശുവിന് ഖുറാനില്‍ നല്‍കിയിരിക്കുന്ന പേര്) എന്നയാള്‍ യൂസ് അസഫ് ആയും അറിയപ്പെട്ടിരുന്നതായി കാശ്മീരിന്‍റെ ചരിത്ര പുസ്തകവും രേഖപ്പെടുത്തിയിട്ടുണ്ട്.
യൂസ് അസഫ് ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും എഡി 80-ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.
യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട ഹോള്‍ജര്‍ കേര്‍സ്റ്റണിന്‍റെ “ജീസസ് ലിവ്‌ഡ് ഇന്‍ ഇന്ത്യ” (Jesus Lived in India). ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് കേര്‍സ്റ്റണ്‍ വാദിക്കുന്നത്.
യൂസ് അസഫ്, ഇസ്സാ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ കേര്‍സ്റ്റണ്‍ നിരത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഭവിഷ്യത് മഹാപുരാണഫ് (വാല്യം 9, പേജ്-17-32) ഇസ്സാ മശീഹ് (Jesus the Messiah) എന്ന ഒരാളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിന്‍റെ ഒരു ഭാഗം താഴെപ്പറയുന്നതാണ്.
“ഒരുദിവസം, ശാക്യന്മാരുടെ തലവനായ ശാലിവാനന്‍ ഹിമാലയത്തിലെത്തി. അവിടെ, ഹണ്‍ എന്ന സ്ഥലത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നവനെപ്പോലെ ഒരാള്‍ മലമുകളില്‍ ഇരിക്കുന്നതായി ശാലിവാഹനന്‍ കണ്ടു. അയാളുടെ ചര്‍മ്മം വെളുത്തതായും അയാള്‍ വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നതായും ശാലിവാഹന്‍ കണ്ടു.”
“ശാലിവാഹന്‍ അയാളോട് ആരാണെന്ന് അന്വേഷിച്ചതിന് മറുപടി ഇങ്ങനെ ആയിരുന്നു: ‘ഞാന്‍ ദൈവപുത്രനെന്ന് വിളിക്കപ്പെടുന്നു. കന്യകയില്‍ നിന്ന് പിറന്ന ഞാന്‍ അവിശ്വാസികളുടെ നേതാവും നിരന്തരമായി സത്യം അന്വേഷിക്കുന്നവനുമാണ്’.
ശതവാഹന്‍ അയാളോട് വീണ്ടും ചോദിച്ചു: ‘എന്താണ് നിങ്ങളുടെ മതം?’ ‘അല്ലയോ രാജാവേ, സത്യം നിലനില്‍ക്കാത്തതും തിന്മയ്ക്ക് അതിര്‍ത്തിയില്ലാത്തതുമായ ഒരു വിദേശരാജ്യത്തുനിന്നാണ് ഞാന്‍ വരുന്നത്. അവിശ്വാസികളുടെ നാട്ടില്‍ ഞാന്‍ മിശിഹ എന്ന് അറിയപ്പെടുന്നു.
സംസ്കാരശൂന്യരുടെ (ദസ്യൂക്കള്‍) ദുര്‍ദേവതയായ ഇഹമാസി ഭീകരരൂപത്തില്‍ അവതരിച്ചു. അവിശ്വാസികളുടെ രീതിയനുസരിച്ച് ഞാന്‍ അവളുടെ കരങ്ങളിലേക്ക് എറിയപ്പെടുകയും ഇഹമാസിയുടെ തട്ടകത്തില്‍ എത്തുകയും ചെയ്തു’ അയാള്‍ പറഞ്ഞു.”
കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ എഫ്. മുഹമ്മദിന്‍റെ “ജമി ഉത് തുവാരിക്ക്” (Jami-ut-tuwarik) എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു നിസിബിസില്‍ (തുര്‍ക്കിയിലെ നുസേബിന്‍) വന്നതായി പറപ്പെടുന്നു.
ഇതേ സംഭവം അബു ജാഫര്‍ മുഹമ്മദ് എന്നയാളുടെ “തഫ്സി ഇബ്‌ന്‍ ഇ ജമീര്‍” (Tafsi-Ibn-i-Jamir at-tubri) എന്ന പുസ്തകത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “യൂസ് അസഫ്” (Leader of the Healed) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. യൂസ് അസഫ് പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് ആഖാ മുസ്തഫയുടെ “അവ്‌ഹാലി ഷഹായ് ഇ പരാസ്” (Awhali Shahaii-i-paras) സാക്‍ഷ്യപ്പെടുത്തുന്നു.
ഖുഡ ബക്തയുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന ഖുഡ ബക്ത് ലൈബ്രറിയിലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിലും പുസ്തകങ്ങളിലും അമൂല്യമായ The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. ബലോഹറുടെയും ബുദാസഫിന്‍റെയും ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. കാശ്മീരില്‍ താമസിച്ചിരുന്ന യൂസ് അസഫിനെ കുറിച്ച് ഇതില്‍ പറയുന്നുണ്ട്.
ഗോപാദത്ത രാജാവിന്‍റെ കാലഘട്ടത്ത് യൂസ് അസഫ് എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ ഇസ്സാര്‍ (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ മുല്ല നദിനിയും (1413) രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് അസഫ് (Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് മറിയാന്‍ (Maryan) എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും നെഗാരിസ്താന്‍ ഇ കാഷ്മീര്‍ നെഗാരിസ്തന്‍ ഇ കാശ്മീര്‍ (Negaristan-i-Kashmir) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധ ഇറെനേയൂസ് (125 - 202 എഡി) മുതല്‍ ഡോ. ഫിദ ഹസ്നെയ്ന്‍ വരെയുള്ള നിരവധി പണ്ഡിതന്‍മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉപസംഹാരം
നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്. യേശു എന്ന് ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‍ഷ്യം.
ചരിത്രവും വിശ്വാസവും തമ്മിലുള്ള വടം വലി നടക്കട്ടെ! എവിടെ വരെ പോകുമെന്ന് വെറുതേ നോക്കി നില്‍ക്കാമല്ലോ!
അവസാനിച്ചു.
|