ഇടശ്ശേരിയുടെ ഒരു കവിതയുടെ തലക്കെട്ട് ഇതാണ്. കേരളീയ സാംസ്കാരിക പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വാചകമാണിത്. അശ്രീകരമായ H ഭഗവതിയെ പുറത്താക്കി ഐശ്വര്യത്തിന്‍റെ ദേവതയായ ശ്രീഭഗവതിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക എന്ന ചടങ്ങാണ് ‘പൊട്ടി പുറത്ത് ശീവോതി അകത്ത്‘ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്ന കര്‍ക്കിടക സംക്രാന്തിയിലാണ് ഈ പഴയ ആചാരം. ‘മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു‘ എന്നൊരു പഴമൊഴിയുണ്ട്. വരാനിരിക്കുന്ന ഒരു നല്ല കാലത്തിന്‍റെ തുടക്കം എന്ന നിലയിലാണ് പഞ്ഞമാസം എന്ന് ദുഷ്പേര്‍ കേട്ട കര്‍ക്കിടകത്തെ ആളുകള്‍ കാണുന്നത്.
ഈ മാസം കടന്നുകിട്ടാനായി മനസ്സില്‍ നിന്ന് തിന്മകളേയും വ്യസനങ്ങളേയും മാറ്റി നിര്‍ത്തി നന്മയേയും സന്തോഷത്തേയും കുടിയിരുത്തണം. ഇതിനായി കര്‍ക്കിടക സംക്രമ നാളില്‍ (ചിലയിടങ്ങളില്‍ കര്‍ക്കിടകം ഒന്നാം തീയതി) നടക്കുന്ന ചടങ്ങാണ് പൊട്ടി പുറത്ത് ശീവോതി അകത്ത്.
പൊട്ടി എന്നാല്‍ ചേട്ടാ ഭഗവതി. ശീവോതി എന്നാല്‍ സാക്ഷാല്‍ ശ്രീഭഗവതി. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഈ ചടങ്ങിനായി പൊട്ടിയായി ഒരാളെ വേഷം കെട്ടിച്ച് നിര്‍ത്താറുണ്ട്. മറ്റിടങ്ങളില്‍ ചേട്ട സാങ്കല്‍പ്പികമാണ്.
മിഥുനത്തിലെ അവസാന ദിവസം വീടും പരിസരവും അടിച്ചു വൃത്തിയാക്കി പഴയൊരു കീറ മുറത്തില്‍ കുറ്റിച്ചൂല്, പൊട്ടക്കലം, കരിയുരുള, അരി, ഉപ്പ്, പഴന്തുണി, താളിന്‍ ചെടി ഇവയെല്ലാം വച്ച് കരിന്തിരി കത്തിച്ചുവയ്ക്കും. വീട്ടിലെ വേലക്കാരിയെയോ മറ്റോ പൊട്ടിയാക്കി നിര്‍ത്തി മുറം അവളുടെ കൈയില്‍ കൊടുക്കുന്നു. വീട്ടുകാരി കത്തിച്ച നിലവിളക്കും വെള്ളം നിറച്ച ഓട്ടുകിണ്ടിയും എടുക്കും.
|