ദക്ഷിണ കേരളത്തില്‍ നിലനിന്നിരുന്ന കാളീസേവയുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് കാളിയൂട്ട്. ദാരിക നിഗ്രഹമാണ് ഇതിന്‍റെ ഇതിവൃത്തം. വിവിധ ബലി കര്‍മ്മങ്ങളും നാടകീയമായ രംഗങ്ങളും പാട്ടുകളും ഉള്ള കലാപ്രകടനമാണ് ഇത്. ചില സ്ഥലങ്ങളില്‍ ഇതിന് പറണേറ്റ് എന്നാണ് പേര്.
കലാപ്രകടനം കാണുകയാണ് എന്ന ബോധം ഉണ്ടാക്കാതെ വിശ്വാസത്തില്‍ അധിഷ്ഠിതമായ ദിവ്യമായ അനുഭവം ഉണ്ടാക്കുകയാണ് അനുഷ്ഠാന കലകളുടെ ലക്‍ഷ്യം. അതുകൊണ്ട് കാണികള്‍ ഉണ്ടായാലും ശരി ഇല്ലെങ്കിലും ശരി അനുഷ്ഠാനം മുറപോലെ നടന്നിരിക്കും.
അനുഷ്ഠാന കലകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ പഴയ നാടോടി നാടകങ്ങളാണ് അല്ലെങ്കില്‍ തനത് നാടകത്തിന്‍റെ പ്രാക്‍തന രൂപമാണെന്ന് പറയാം. കാവുകളില്‍ കുടികൊള്ളുന്ന കാളിയെ പ്രീണിപ്പിക്കാന്‍ മധ്യകേരളത്തില്‍ നടന്നുവരുന്ന അനുഷ്ഠാന കലയാണ് മുടിയേറ്റ്. ഇവിടേയും പശ്ചാത്തലം ദാരിക വധം തന്നെ. ശിവന്‍, നാരദന്‍, കാളി, ദാരികന്‍, കൂളി, ദാനവേന്ദ്രന്‍, കോയിംബിടാരര്‍ എന്നിവരാണ് പ്രധാനവേഷക്കാര്‍.
പിന്‍പാട്ടുകാരുടെ പാട്ടിനനുസരിച്ച് കഥാപാത്രങ്ങള്‍ അഭിനയിച്ച് തകര്‍ക്കുന്നു. എന്നാല്‍ സംഭാഷണമുള്ള അഭിനയം കൂളിക്കും കോയിംബിടാരന്‍മാര്‍ക്കും മാത്രമേയുള്ളു.
ഇതുപോലെ തെക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയാണ് കാളിയൂട്ട്. ശാര്‍ക്കര ക്ഷേത്രത്തിലെ കാളിയൂട്ട് അനുഷ്ഠാനത്തിന് പക്ഷെ, കഥാപാത്രങ്ങള്‍ ഏറെയുണ്ട്. ഇവിടെ ഒമ്പത് ദിവസങ്ങളായി നടക്കുന്ന കാളിനാടകത്തില്‍ വിശാലമായ ക്ഷേത്രപരിസരവും അവിടെ കെട്ടിയുയര്‍ത്തിയ മണ്ഡപവും കാവല്‍ മാടപ്പുരയുമൊക്കെ അരങ്ങായി മാറുന്നു.
കാവിലുടയ നായര്‍, പുലയന്‍, കണിയാരുകുറുപ്പ്, മൂത്തത്, ഇളയത്, പരദേശി, ബ്രാഹ്മണന്‍ എന്നിങ്ങനെ സമകാലിക ജീവിതത്തില്‍ നിന്ന് എടുത്തു ചേര്‍ത്ത കുറേ കഥാപാത്രങ്ങള്‍ കാളീ പുരാവൃത്തത്തിന് കാലികമായ വ്യാഖ്യാനം നല്‍കാന്‍ എത്തുന്നുണ്ട്.
|