ആറന്‍മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കാനുള്ള തിരുവോണ തോണി യാത്ര തിരിച്ചു. കുമാരനല്ലൂരില്‍ നിന്നാണ് തിരുവോണ തോണി യാത്ര തിരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടൂര്‍ എന്ന സ്ഥലത്തെ മാങ്ങാട്ടില്ലത്ത് നിന്നാണ് തിരുവോണ തോണി യാത്ര തുടങ്ങി വച്ചത്. ഈ യാത്രയ്ക്ക് പിന്നില്‍ ദൈവീകമായൊരു ഐതീഹ്യമാണുള്ളത്.
മാങ്ങാട്ടില്ലത്തെ പരമഭക്തനായ ഒരു ഭട്ടതിരിയുടെ പ്രത്യേക നിഷ്ഠയാണ് ഈ ആചാരത്തിന് വഴിവച്ചത്. ഇദ്ദേഹം എല്ലാ തിരുവോണ ദിനങ്ങളിലും ഏതെങ്കിലും ഒരു ബ്രഹ്മചാരിയുടെ കാല്‍ കഴുകി മൃഷ്ടാന്നം നല്‍കിയ ശേഷമേ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ.
ഒരു തിരുവോണ ദിവസം സദ്യയും തയ്യാറാക്കി കാത്തിരുന്ന ഭട്ടതിരിക്ക് നിഷ്ഠയ്ക്കൊത്ത് ഭക്ഷണം നല്‍കാന്‍ ആരെയും കണ്ടെത്താനായില്ല. മനസ്സുനൊന്ത് വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച ഭട്ടതിരിയുടെ മുന്നില്‍ എവിടെ നിന്നെന്ന് അറിയാതെ ഒരു ബ്രഹ്മചാരി പ്രത്യക്ഷനായി. അദ്ദേഹം മനം നിറഞ്ഞ സന്തോഷത്തോടെ ബ്രഹ്മചാരിയെ ഊട്ടി.
അടുത്ത ഓണക്കാലത്ത് ഭട്ടതിരിക്ക് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഓണമൂട്ടില്‍ തൃപ്തനാണെന്നും അതിനാല്‍ ഇനിമുതല്‍ ഊട്ടിനുള്ള സാധനങ്ങള്‍ താന്‍ വസിക്കുന്ന ആറന്‍മുള ക്ഷേത്രത്തില്‍ എത്തിക്കണമെന്നുമായിരുന്നു സ്വപ്നത്തില്‍ കണ്ടത്.
താന്‍ സല്‍ക്കരിച്ചത് വിഷ്ണുവിനെ തന്നെയാണെന്ന് മനസ്സിലാക്കിയ ഭട്ടതിരി ഓണ സദ്യയ്ക്കുള്ള സാധനങ്ങള്‍ ഒരു ചുരുളന്‍ വള്ളത്തില്‍ കയറ്റി ക്ഷേത്രത്തില്‍ എത്തിച്ചു. പിന്നീടൊരിക്കലും അത് മുടങ്ങിയില്ല. ഭട്ടതിരിയുടെ പിന്‍മുറക്കാരും ഈ പതിവ് തുടരുന്നു.
ഓണ സദ്യയ്ക്കുള്ള സാധനങ്ങള്‍ കയറ്റിക്കൊണ്ട് തിരുവോണ ദിവസം ആറന്‍മുള ക്ഷേത്രത്തില്‍ എത്തുന്ന തോണി ‘തിരുവോണ ചെലവ് തോണി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
കാലഗതിയില്‍ കാട്ടൂരില്‍ നിന്ന് ഭട്ടതിരി കുടുംബം കുമാരനല്ലൂരേക്ക് കുടിയേറി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി നാരായണന്‍ ഭട്ടതിരിയാണ് തിരുവോണ തോണിയിലേറുന്നത്.
|