പ്രധാന താള്‍  ആത്മീയം  ഉത്സവങ്ങള്‍  ആചാരം അനുഷ്ഠാനം
 
കാര്‍ഷികാഭിവൃദ്ധിയ്ക്ക് കോതാമൂരിയാട്ടം
ഉത്തര കേരളത്തില്‍ കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന നാടന്‍ കലാരൂപമാണ് കോതാമൂരി എന്ന കോതാമൂരിയാട്ടം. കൃഷി നന്നാവാനും പശുക്കള്‍ കൂടാനും കോതാമൂരിയാട്ടം നല്ലതാണെന്നാണ് വിശ്വാസം.

മനുഷ്യജീവിതത്തിന്‍റെ ശ്രീ സമൃദ്ധിക്കായി പ്രപഞ്ചശക്തിയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ നൃത്തരൂപം ഗോദാവരി നൃത്തം എന്നും അറിയപ്പെടുന്നു.

ഒരു തരത്തില്‍ പറഞ്ഞാല്‍ കോതാമൂരി , ഒരു തെയ്യം കെട്ടലാണ്. കണ്ണൂര്‍, തളിപ്പറമ്പ് , പയ്യന്നൂര്‍ ഭാഗങ്ങളിലാണ് കോതാമൂരിയാട്ടം കണ്ടു വരുന്നത്. കാര്‍ഷികവൃത്തി കുറഞ്ഞതോടെ ഈ വിനോദ കലയ്ക്കും ചീത്തക്കാലം വന്നു.

എല്ലാ വര്‍ഷവും തുലാം, വൃശ്ഛികം മാസങ്ങളിലാണ് കോതാമൂരിയാട്ടം നടക്കുക.

കോലത്തു നാട്ടിലെ മലയന്മാരാണ് ഇതിനു വേഷം കെട്ടുക. കോതാമൂരി തെയ്യം, രണ്ട് പനിയന്മാര്‍ , വാദ്യക്കാര്‍ പിന്നെ പാട്ട് ഏറ്റുപാടാന്‍ സ്ത്രീകള്‍ . ഇതാണ് കോതാമൂരിയാട്ടത്തിന്‍റെ പ്രകൃതം.

ചെറുകുന്നിലെ അന്നപൂര്‍ണ്ണേശ്വരിയെകുറിച്ചും, തളിപ്പറമ്പപ്പനെക്കുറിച്ചുമെല്ലാമാണ് പാട്ടുകള്‍. പിന്നെ ചിലപ്പോള്‍ ശ്രീകൃഷ്ണന്‍റെ ചെറുപ്പകാല ലീലകളെ കുറിച്ചും പാടാറുണ്ട്. പക്ഷേ അതിലെല്ലാം വിമര്‍ശനങ്ങളുടേയും ആക്ഷേപ ഹാസ്യത്തിന്‍റേയും ഒളിയമ്പുകള്‍ കണ്ടേക്കും.

കോതാമൂരിയാവുന്നത് സാധാരണ ഒരു ആണ്‍ കുട്ടിയായിരിക്കും. തലയില്‍ മൂരിയുടെ (കൃഷിക്കുപയോഗിക്കുന്ന വരിയുടച്ച കാള) തലയുണ്ടാക്കി അരയില്‍ കെട്ടും. തലയില്‍ മുടിയുണ്ടാക്കിവെക്കും . മുഖത്ത് ചായം തേക്കും.

രസികന്മാരാണ് പനിയന്മാര്‍. അവരാണ് തമാശപറയുന്നവര്‍. പനിയന്‍ എന്നാല്‍ പ്രിയപ്പെട്ട ആള്‍ എന്നാണര്‍ഥം. കണ്ണാമ്പാളവെച്ചു മുഖം മറയ്ക്കും . കുരുത്തോലകൊണ്ട് തലയിലും കാതിലും ചില അലങ്കാരപ്പണികള്‍ ചെയ്യും . അരയില്‍ കുരുത്തോല കെട്ടിത്തൂക്കും. മുഖം നോക്കതെ ഇവര്‍ ആരേയും പരിഹസിക്കുകയും ചെയ്യും.

കന്നിക്കൊയ്ത്ത് കഴിഞ്ഞാല്‍ കോതാമൂരിയാട്ടക്കാരുടെ പുറപ്പാടായി. ജ-ന്മിമാരുടേയും കൃഷിക്കാരുടേയും വീട്ടിലവര്‍ പോകും. കിട്ടുന്നതെന്തും , ചിലപ്പോള്‍ കാണുന്നതെന്തൂം , അവര്‍ പ്രതിഫലമായി സ്വീകരിക്കും .

ആക്ഷേപഹാസ്യം നിറഞ്ഞ പാട്ടുകള്‍ കോതാമൂരിയാട്ടത്തിന്‍റെ സവിശേഷതയാണ്. ആളുകളെ രസിപ്പിക്കുകയാണിതിന്‍റെ ലക്ഷ്യം. അതുകൊണ്ട് കോതാമൂരിയാട്ടക്കാര്‍ പാട്ടുപാടുന്നതിനോടൊപ്പം പല കളളവും പറയാറുണ്ട്. ചിലപ്പോഴത് അതിരുവിട്ട പരിഹാസമായിപ്പോലും തീരുന്നു.

എങ്കിലും ആരുമതിനെ എതിര്‍ക്കാറില്ല. പലപ്പോഴും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള കണ്ണാടിയാവും ഈ പരിഹാസങ്ങളും തമാശപ്പാട്ടുകളും.
കൂടുതല്‍
ആര്‍ദ്രാജാഗരണം
പ്രദോഷ വ്രതം
ഇന്ന് അക്ഷയ തൃതീയ
വേദവ്യാസജയന്തി , ഗുരു പൂര്‍ണ്ണിമ
ഷഷ്ഠി വ്രതം