കൃഷ്ണന് 300 മൂർത്തികളുടെ ശക്തി? അർജുനെ കുഴിച്ചിട്ടത് ജീവനോടെ!

ദുർമന്ത്രവാദത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

അപർണ| Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (14:31 IST)
തൊടുപുഴ കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അടിമാലിക്കാരനായ അനീഷും കാരിക്കോട് സ്വദേശിയായ സുഹൃത്ത്‌ ലിബീഷും ചേര്‍ന്നാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് ജില്ലാ പോലീസ് അറിയിച്ചു.

അതേസമയം, അനീഷിനെ ഇപ്പോഴും പിടികൂടാനായിട്ടില്ല. ഇയാൾ ഒളിച്ചു താമസിച്ചിരുന്ന സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. മന്ത്രവാദത്തിന്റെ പേരിലാണ് കൊലപാതകമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ മാസം 29നായിരുന്നു ഇയാൾ കൃത്യം നടത്തിയത്. ബുള്ളറ്റിന്റെ പൈപ്പുപയോഗിച്ച് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്.

കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്നായിരുന്നു അനീഷ് വിശ്വസിച്ചിരുന്നത്. ഇതിന് കാരണമാണെന്ന് അയാൾ വിശ്വസിച്ചിരുന്ന വിലപ്പെട്ട താളിയോലകൾ കൈക്കലാക്കുന്നതിനായിട്ടാണ് കൃഷ്ണനെ കൊലപ്പെടുത്തിയത്. കൃഷ്ണന്റെ ശിഷ്യനായിരുന്ന അനീഷ് ചെയ്ത ചില മന്ത്രവാദങ്ങൾ പരാജയപ്പെട്ടതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെ കൃഷ്ണനോട് പക തോന്നിയ അനീഷ് ഇയാളെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്യുകയായിരുന്നു.


'കഴിഞ്ഞ ജൂലൈ ഇരുപത്തൊൻപതിനാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേർന്നു കൊലപ്പെടുത്തുന്നത്. രണ്ടുവർഷത്തോളം കൃഷ്ണനൊപ്പം നിന്ന് പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാൾ സ്വന്തം നിലയ്ക്ക് പൂജകൾ ചെയ്യാൻ തുടങ്ങി. ഇവയൊന്നും ഫലം കാണാതെ വന്നപ്പോൾ കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതാണെന്ന് അനീഷ് കരുതി. ഈ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വൈരാഗ്യമാണ് അനീഷിനെ കൊലയ്ക്കു പ്രേരിപ്പിച്ചത്.

ലിബീഷും അനീഷും തമ്മിൽ 1 വർഷത്തെ സൗഹൃദമുണ്ട്. അനീഷ് ആറു മാസങ്ങൾക്കു മുൻപുതന്നെ ഇതിനായുള്ള പദ്ധതികൾ തയാറാക്കിയിരുന്നു. എന്നാൽ ലിബീഷ് സഹകരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് അന്നിത് നടക്കാതെ പോയത്.
300 മൂർത്തികളുടെ ശക്തിയാണു കൃഷ്ണനുണ്ടായിരുന്നത്. കൃഷ്‌ണനെ കൊന്നാൽ ആ ശക്തികൂടി തനിക്ക് കിട്ടുമെന്നാണ് അനീഷ് കരുതിയത്.

കൊലപ്പെടുത്തിയതിന് ശേഷം ഇവരുടെ കൈവശമുള്ള പണവും സ്വർണവും മോഷ്ടിക്കാമെന്നും അനീഷ് കണക്കുകൂട്ടി. ഇരുവരും ഇതിന് വ്യക്തമായ പ്ലാൻ ഉണ്ടാക്കുകയും ചെയ്‌തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അനീഷ് ലിബീഷിന്റെ വീട്ടിലെത്തി. ബുള്ളറ്റിന്റെ വാഹനഭാഗവുമായി രാത്രി പന്ത്രണ്ടു മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന കൃഷ്ണനെ പുറത്തു വരുത്താൻ സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ പതിവില്ലാത്ത കരച്ചിൽ കേട്ട് പുറത്തെത്തിയ കൃഷ്ണനെ അനീഷ് കമ്പികൊണ്ട് തലയ്ക്കടിച്ചു. പിന്നാലെയെത്തിയ ഭാര്യ സുശീലയെ ലിബീഷും കൊലപ്പെടുത്തി.

മൂന്നാമതായി മകൾ ആർഷയാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. അക്രമം ചെറുത്ത ആർഷയെ കൊലപ്പെടുത്താൻ സമയമെടുത്തു. ശബ്ദം കേട്ടെത്തിയ അർജുനെ മർദ്ദിച്ച് അവശനാക്കിയശേഷം വെട്ടിക്കൊലപ്പെടുത്തി. പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് നാലുപേരുടെയും ശരീരങ്ങൾ വികൃതമാക്കി.

വീടിനുള്ളിൽ കയറി സ്വർണം കവർന്നശേഷം നേരെ ലിബീഷിന്റെ വീട്ടിലേക്കു പോയി. കൊല നടത്തിയതിന്റെ രണ്ടാം ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യുന്നതിനായി എത്തിയത്. ഇവർ മടങ്ങിയെത്തുമ്പോഴാണ് അർജുൻ മരിച്ചിട്ടില്ലെന്ന് മനസിലായത്. വീടിനുള്ളിൽ തലയ്ക്ക് കൈകൊടുത്ത് ലിവിങ് റൂമിലിരിക്കുകയായിരുന്നു അർജുൻ. ഇതോടെ ഒരിക്കൽക്കൂടി അർജുനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. പിന്നീടാണ് മൃതദേഹങ്ങള്‍ മറവുചെയ്തത്. വീട്ടില്‍ എന്ത് ചെയ്താലും ആരും അറിയാത്ത ദൂരമുണ്ടായിരുന്നു മറ്റു വീടുകള്‍ തമ്മിലെന്ന്‌' ഇടുക്കി ജില്ലാ പോലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :