റായ്പൂര്‍|
AISWARYA|
Last Modified വെള്ളി, 15 ഡിസംബര്‍ 2017 (08:38 IST)
കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് റായ്പൂരിലാണ്. കാമുകന്റെ വീടിനടുത്തുള്ള കനാലിനരികിലെ ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട് കാമുകന്‍ ധനേഷ്യര്‍ സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
25 വയസ്സുകാരിയായ ചന്ദ യാദവാണ് കാമുകന്‍ ധനേഷ്യര്‍ സാഹുവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഡിസംബര്‍ 7 നായിരുന്നു ധനേഷ്യറിന്റെ പിറന്നാള്‍.
മാതാപിതാക്കളോട് പറയാതെയാണ് പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയത്. ഇതിന് ശേഷം പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ നിന്നും തിരിച്ച് പോയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ ജാതിയെ ചൊല്ലി കാമുകന്റെ വീട്ടില്‍ വഴക്കായി.
തുടര്‍ന്ന് ഒന്‍പതാം തീയതി പെണ്‍കുട്ടിയെ തിരിച്ച് വീട്ടില്‍ കൊണ്ട് വിടാന്‍ തയ്യാറായി കാമുകന്‍ ചന്ദയേയും കൂട്ടി പുറത്തേക്കിറങ്ങി. വഴിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സ്വയം നിയന്ത്രിക്കാനാവാതെ ധനേഷ്യര്‍ പെണ്‍കുട്ടിയെ കനാലിന്റെ അരികില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.