ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (14:22 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്ത താരമാണ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയ കോഹ്‌ലിയാണ് ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരം.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തുന്ന കോഹ്‌ലി ശീതളപാനീയ കമ്പനിയുടെ പരസ്യത്തില്‍ നിന്നും പിന്മാറിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ച് അദ്ദേഹം നടത്തിയ പ്രസ്‌താവന ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഫിറ്റ്‌നസ് ഏറെ ശ്രദ്ധിക്കുന്നയാളായ താന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ലെന്നും അതിനാല്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് കോഹ്‌ലി വ്യക്തമാക്കിയത്.
“ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എനിക്ക് വിട്ടു വീഴ്‌ചയില്ല. ഇതിനായി ഭക്ഷണക്രമത്തില്‍ പോലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശീതളപാനീയങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ല. അതിനാല്‍ തന്നെ ഈ പരസ്യത്തില്‍ അഭിനയിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്ല്യമാകും. അത് ശരിയായ നടപടിയല്ല” - എന്നുമാണ് കോഹ്‌ലി പറഞ്ഞത്.
പരസ്യത്തില്‍ നിന്നും പിന്മാറിയതിലൂടെ കോടികളാണ് കോഹ്‌ലിക്ക് നഷ്‌ടമായത്. ഇതേ അഭിപ്രായം പ്രകടിപ്പിച്ച് പെപ്‌സികോയുടെ പരസ്യത്തില്‍ നിന്നും വിരാട് പിന്മാറിയിരുന്നു.