ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » വിവാഹത്തിനു സ്ഫുടാധിമാസം വേണ്ട (When calculating a muhurta)
വ്യക്തികള്‍ വാര്‍ത്തകള്‍
Bookmark and Share Feedback Print
 
IFM
വിവാഹാദിശുഭ മുഹൂര്‍ത്തങ്ങള്‍ക്ക് സംസര്‍പ്പം, അംഹസ്പതി, മധ്യാധിമാസം, സ്ഫുടാധിമാസം എന്നിവ നിര്‍ബന്ധമായും വര്‍ജ്ജിക്കേണ്ടതുണ്ട്.

അഗ്നികോണു മുതല്‍ വായുകോണു വരെയും നിരൃതികോണുമുതല്‍ ഈശാനുകോണുവരെയും ഈരണ്ട് രേഖകള്‍ വരയ്ക്കുക. പിന്നീട്, ഇതിന്റെ മധ്യത്തില്‍ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും അഞ്ച് രേഖകള്‍ വീതം വരയ്ക്കണം. ഇപ്പോള്‍ 28 രേഖാഗ്രങ്ങളുള്ള ഒരു ശലാകാചക്രം ഉണ്ടാവും. ഈ ചക്രത്തിന്റെ ഈശാനുകോണുതുടങ്ങി എല്ലാ രേഖാഗ്രത്തിലും കാര്‍ത്തിക മുതല്‍ ഭരണി വരെയുള്ള 28 നക്ഷത്രങ്ങള്‍ -ഉത്രാടത്തിനു ശേഷം അഭിജിത് കൂടി ഉള്‍പ്പെടുത്തി- എഴുതുക. ഇവിടെ ചന്ദ്രന്‍ നില്‍ക്കുന്ന രേഖാഗ്രത്തിന് എതിര്‍വശത്ത് ആ രേഖാഗ്രത്തിലായി വേറൊരു ഗ്രഹം നിന്നാല്‍ ചന്ദ്രസ്ഥിതി നക്ഷത്രത്തെ വിവാഹത്തിനു വര്‍ജ്ജിക്കേണ്ടതാണ്.

വിവാഹത്തിനു സപ്തമ രാശിയും ഉപനയനത്തിനു അഷ്ടമ രാശിയും ചൌളത്തിനു ഒമ്പതാമിടവും അന്നപ്രാശത്തിനു ദശമ ഭാവവും ഗൃഹാരംഭത്തിനു ദ്വാദശ ഭാവവും ശുദ്ധമായിരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. ലഗ്നത്തിലും ഏഴാമിടത്തും നില്‍ക്കുന്ന പാപഗ്രഹങ്ങളും അഷ്ടമത്തില്‍ നില്‍ക്കുന്ന ഗുരുചന്ദ്ര പാപന്‍‌മാരും എല്ലാ ശുഭകര്‍മ്മങ്ങളുടെയും ഫലങ്ങളെ ഹനിക്കുന്നതാണ്.

എല്ലാ കര്‍മ്മങ്ങള്‍ക്കും ഉത്തരായനകാലം ഉത്തമമാണ്. ചൌളം ഉപനയനം തുടങ്ങിയ വാര്‍ഷിക കര്‍മ്മങ്ങള്‍ക്ക് ദക്ഷിണായനം അശുഭവുമാണ്. ബ്രാഹ്മോദ്വാഹത്തിനു ചൈത്രയുക്തങ്ങളായ നാല് മാസങ്ങള്‍ -മീനത്തിന്റെ രണ്ടാം പകുതി മാസവും മറ്റ് നാല് ശുന്യമാസങ്ങളുമെന്നര്‍ത്ഥം-വര്‍ജ്ജ്യമാണ്. എന്നാല്‍, ആഷാഡാദിമാസങ്ങള്‍ ശുഭമാണുതാനും. ഇതില്‍, കര്‍ക്കിടക മാസം വര്‍ജ്ജ്യവുമാണ്.

കൃഷിക്ക് ആരംഭം, ബീജാവാപം, രാജാഭിഷേകം, വിദ്യാരംഭം, ഗൃഹാരംഭം, ദേവപ്രതിഷ്ഠ, നാമകരണം എന്നീ ഏഴ് കര്‍മ്മങ്ങളും ചൌളോപനയനവ്രതഗോദാനാദികളും രാത്രിയില്‍ അരുത്. എന്നാല്‍, രാത്രിയെ മൂന്നായി ഭാഗിച്ചതിന്റെ അവസാനത്തെ ഭാഗത്തില്‍ ഇപ്പറഞ്ഞവയില്‍ ചിലത് ചെയ്യാറുണ്ട്.

കര്‍ക്കിടകം, വൃശ്ചികം, ചിങ്ങം, മീനം എന്നീ രാശികളുടെ അന്ത്യത്തിലും മേടം, ചിങ്ങം, ധനു എന്നീ രാശികളുടെ ആദ്യം ഓരോ നാഴിക വീതവും പഞ്ചമി, ദശമി, വാവ് എന്നീ തിഥികളുടെ അവസാനവും പ്രതിപദം, ഷഷ്ഠി, ഏകാദശി എന്നീ തിഥികളുടെ ആദ്യം മൂന്ന് നാഴികവീതവും ആയില്യം, കേട്ട, രേവതി എന്നീ നക്ഷത്രങ്ങളുടെ അവസാനവും അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ ആദ്യവും 15 നാഴിക വീതവും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ടതാണ്. മേടം, കര്‍ക്കിടകം, തുലാം, മകരം എന്നീ രാശികളുടെ അഞ്ചാമത്തെയും മിഥുനം, കന്നി, ധനു, മീനം രാശികളുടെ ഒമ്പതാമത്തെയും ഇടത്ത് ആദിത്യന്‍ നില്‍ക്കുന്ന കാലവും ശുഭമല്ല.

ലഗ്നത്തില്‍ പാപ ഗ്രഹങ്ങളുടെ സ്ഥിതിയും ദൃഷ്ടിയും ഉഭയപാപത്വവും ദോഷമാണ്. 3-6-11 ഭാവങ്ങളില്‍ പാപഗ്രഹങ്ങളില്ലെങ്കിലും ലഗ്നം നാല്-ഏഴ്-പത്ത് ഭാവങ്ങളില്‍ ശുഭഗ്രഹങ്ങളില്ല എങ്കിലും ദോഷമാണ്. ഈ ലഗ്നാദി ദോഷങ്ങള്‍ സകല മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജ്യമാവുന്നു.

ചന്ദ്രന്റെ 12 ലെ സ്ഥിതി, പാപയോഗപാപദൃഷ്ടികള്‍, പാപവര്‍ഗ്ഗ സ്ഥിതി, ചന്ദ്രവേലയും ചന്ദ്രാവസ്ഥയും ചന്ദ്രക്രിയയും അശുഭമായിരിക്കുന്നത് ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കണം.

ഇതുവരെ പറഞ്ഞ എല്ലാ ദോഷങ്ങളും ഒഴിച്ചുള്ള ശുഭമുഹൂര്‍ത്തങ്ങള്‍ ലഭിക്കുവാന്‍ വളരെ പ്രയാസമാണ്. അതുകൊണ്ട് ഈ ദോഷങ്ങള്‍ക്കു പറഞ്ഞിട്ടുള്ള അപവാദഗുണങ്ങള്‍ കൊണ്ടുള്ള ദോഷങ്ങള്‍ക്ക് ന്യൂനത സംഭവിക്കുന്നുണ്ടോ എന്ന് നോക്കി മുഹൂര്‍ത്തത്തെ നിര്‍ണയിക്കേണ്ടതാണ്. അതിനായി, ഇതുവരെ പറഞ്ഞിരിക്കുന്ന ദോഷങ്ങള്‍ക്കുള്ള അപവാദങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ട്.

അടുത്ത ആഴ്ച - മുഹൂര്‍ത്ത ഗണന നിയമങ്ങള്‍ക്കുള്ള അപവാദങ്ങള്‍

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജ്യോതിഷം, വിവാഹം, മുഹൂര്ത്തം, ദോഷങ്ങള്, അപവാദങ്ങള്, മുഹൂര്ത്തഗണനം