പ്രദേശത്ത് രണ്ട് ശ്രീജിത്ത് ഉണ്ടായിരുന്നു, പൊലീസ് ആളുമാറി ശ്രീജിത്തിനെ പിടിച്ചു കൊണ്ട് പോയി?

സി പി എം ആവശ്യപ്പെട്ടത് ശ്രീജിത്തിനെ, പക്ഷേ പൊലീസിന് ആളുമാറി? - വെളിപ്പെടുത്തലിൽ ഞെട്ടി വാരാപ്പുഴ നിവാസിക

അപർണ| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (16:04 IST)
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ തങ്ങളെ ബലിയാടുകൾ ആക്കുകയാണെന്ന് പ്രതി ചേർക്കപ്പെട്ട ആർ റ്റി എഫുകാർ. തങ്ങളെ കുടുക്കാന്‍ വ്യക്തമായ ആസൂത്രണം നടക്കുന്നു. നുണ പരിശോധനയ്ക്ക് തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ പറഞ്ഞു.

ആര്‍ടിഎഫിന്റെ വാഹനത്തില്‍ ശ്രീജിത്ത് കയറിയിട്ടില്ല. ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഇവര്‍ പറഞ്ഞു.

എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സുമേഷ്, സന്തോഷ് ബേബി, ജിതിന്‍രാജ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്‍റെ മര്‍ദനമേറ്റാണ് മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും അതിന്‍റെ ഭാഗമായി പൊലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

അതേസമയം, ആളുമാറിയാണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയതെന്ന് ശ്രീജിത്തിന്റെ ബന്ധുക്കൾ ആരോപിച്ചു. വീടാക്രമണ കേസില്‍ സിപിഐഎം സമ്മര്‍ദം ചെലുത്തിയെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ പറയുന്നു. തുളസിദാസ് എന്ന ശ്രീജിത്തിനെ ആയിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടതെന്നും എന്നാല്‍ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്നും ഇവര്‍ പറഞ്ഞു.

ശ്രീജിത്തിന്‍റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിട്ടുണ്ട്. മരണ കാരണമായ പരുക്കേതെന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയില്‍ കണ്ടെത്തും. ആരുടെ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

ആന്റിമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന്‍റെ ശരീരത്തില്‍ 18 മുറിവുകള്‍ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ശ്രീജിത്ത് വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് എആര്‍ ക്യാംപിലെ പൊലീസുകാരോടു നിര്‍ദേശിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :