നടന്‍ ജഗന്നാഥന്‍ അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
പ്രശസ്ത ചലച്ചിത്രനടന്‍ ജഗന്നാഥന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.

അറുപതിലധികം മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കാവാലം നാരായണപ്പണിക്കരുടെ തനത് നാടകവേദിയിലൂടെയാണ് കലാരംഗത്ത് ശ്രദ്ധേയനായത്. കാവാലത്തിന്‍റെ അവനവന്‍ കടമ്പ എന്ന നാടകത്തിലെ ആട്ടപ്പണ്ടാരം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാവാലത്തിനും നെടുമുടി വേണുവിനുമൊപ്പം തുടര്‍ന്നും ശ്രദ്ധേയമായ നാടകങ്ങള്‍ അവതരിപ്പിച്ചു. കാവാലത്തോടൊപ്പം അന്താരാഷ്ട്ര വേദികളില്‍ പോലും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സീരിയല്‍ രംഗത്തും ജഗന്നാഥന്‍ സജീവ സാന്നിധ്യമായിരുന്നു. ദൂരദര്‍ശന്‍റെ പ്രതാപകാലത്ത് കൈരളി വിലാസം ലോഡ്ജ് എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ ജഗന്നാഥന് കഴിഞ്ഞു.

ഉത്തരം, ആയിരപ്പറ, മഴവില്‍ക്കാവടി, സൂര്യഗായത്രി, ഒരിടത്ത്, അര്‍ത്ഥം, തച്ചോളി വര്‍ഗീസ് ചേകവര്‍, കല്യാണ ഉണ്ണികള്‍, ദേവാസുരം, കൂടിക്കാഴ്ച, സാമ്രാജ്യം, ആനവാല്‍ മോതിരം, ചാണക്യന്‍, അപ്പു, തച്ചിലേടത്ത് ചുണ്ടന്‍, ദശരഥം, പട്ടണത്തില്‍ സുന്ദരന്‍, അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍, പകല്‍ നക്ഷത്രങ്ങള്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പ്രവാചകന്‍, സൌഹൃദം തുടങ്ങിയവയാണ് ജഗന്നാഥന്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

നാടകരംഗത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും 1999ല്‍ മികച്ച സീരിയല്‍ നടനുള്ള അവാര്‍ഡും ജഗന്നാഥനെ തേടിയെത്തി. ‘അര്‍ദ്ധനാരി’യാണ് ജഗന്നാഥന്‍ അഭിനയിച്ച അവസാന ചിത്രം. ആ സിനിമയില്‍ സ്ത്രൈണ ഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ജഗന്നാഥന്‍ അവതരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :