മുന്‍‌മന്ത്രി എ സുജനപാല്‍ അന്തരിച്ചു

കോഴിക്കോട്| WEBDUNIA|
PRO
PRO
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ സുജനപാല്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.50ഓടെയായിരുന്നു അന്ത്യം. മൃതദേഹം 11-മണിക്ക് കോഴിക്കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കീഴില്‍ വനം- പരിസ്ഥിതി മന്ത്രിയായിരുന്നു. രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി നിയമസഭയിലെത്തുന്നത് 1991ലാണ്.

കെ എസ് യുവിലൂടെയാണ് സുജനപാല്‍ രാഷ്ട്രീയത്തിലെത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഡിസിസി പ്രസിഡന്റ്, കെഎസ്യു ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എഐസിസി നിര്‍വ്വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സാംസ്കാരിക സാമൂഹിക സാഹിത്യ മേഖലകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

പൊരുതുന്ന പലസ്തീന്‍, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കോളേജ് അധ്യാപികയായിരുന്ന ജയശ്രീയാണ് ഭാര്യ. മനു, അമൃത എന്നിവരാണ് മക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :