വിധി പറയാന്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം| WEBDUNIA|
കേരളത്തിലെ ജനങ്ങള്‍ വിധി പറയാനൊരുങ്ങുകയാണ്. അഞ്ചുവര്‍ഷം കേരളം ഭരിച്ച വി എസ് സര്‍ക്കാരിന് ഒരു തുടര്‍ച്ചയുണ്ടാകണോ?, യു ഡി എഫിന്‍റെ നേതൃത്വത്തില്‍ പുതിയൊരു സര്‍ക്കാര്‍ അധികാരത്തിലേറണോ? - ബുധനാഴ്ചയിലെ ഏതാനും മണിക്കൂറുകളില്‍ ജനങ്ങള്‍ വിധിയെഴുതും.

കേരളത്തിലെ 2.31 കോടി വോട്ടര്‍മാരാണ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 971 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 20,758 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചവരെയാണ് വോട്ടെടുപ്പ്. അഞ്ചുമണിക്ക് പോളിങ് സ്റ്റേഷനിലുള്ളവരെ വൈകിയാലും വോട്ടുചെയ്യാ‍ന്‍ അനുവദിക്കും.

3,703 ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്‍. കൂടുതല്‍ പ്രശ്ന ബൂത്തുകളുള്ളത് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍. കണ്ണൂരിലാണ്‌ ഏറ്റവും കൂടുതല്‍ - 1257. സുരക്ഷകാര്യങ്ങള്‍ക്കായി 44 കമ്പനി കേരള പൊലീസിനെയും 40 കമ്പനി അന്യസംസ്ഥാനപൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍, തിരിച്ചറിയല്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിതരണം ചെയ്യുന്ന ഫോട്ടോ പതിച്ച സ്ലിപ്പോ കാണിച്ച് വോട്ടുചെയ്യാം. വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വ്യക്‌തമാക്കി. പ്രവാസികള്‍ വോട്ടുചെയ്യാന്‍ പാസ്പോര്‍ട്ട്‌ ഹാജരാക്കണം.

ഓരോ രണ്ടുമണിക്കൂറിലെയും പോളിംഗ് ശതമാനം എസ് എം എസ് ആയി അറിയിക്കാനുള്ള സംവിധാനവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :