പൂരം കൊഴുപ്പിക്കാന്‍ അക്ഷരശ്ലോകക്കാരും

തൃശൂര്‍| WEBDUNIA|
PRO
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം തേക്കിന്‍‌കാട് മൈതാനിയില്‍ പൊടിപൊടിക്കുമ്പോള്‍ അടുത്തുള്ള സാഹിത്യ അക്കാദമി ഹാളില്‍ സാഹിത്യപ്രേമികള്‍ അക്ഷരശ്ലോക മത്സരം ആസ്വദിക്കും. പൂരത്തോടൊപ്പം എല്ലാവര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന അക്ഷരശ്ലോക മല്‍‌സരത്തിന് ശനിയാഴ്ച സാഹിത്യ അക്കാദമിയില്‍ നൂറുകണക്കിന് അക്ഷരശ്ലോക പ്രേമികള്‍ സാക്‌ഷ്യം വഹിക്കും.

പൂരദിവസം തേക്കിന്‍‌കാട് മൈതാനത്ത് അശ്ലീലകവിതകള്‍ ചൊല്ലിയിരുന്ന ഒരു പതിവുണ്ടായിരുന്നു. പൂരപ്രബന്ധം എന്നാണ് ഇതിന്റെ പേര്. എന്നാല്‍ അശ്ലീല കവിതകള്‍ മാറ്റി നല്ല ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയതോടെ സാംസ്കാരികനഗരി എന്ന വിളിപ്പേരിന് പുതിയൊരു മാനം നല്‍‌കുകയായിരുന്നു തൃശൂര്‍ക്കാര്‍.

അശ്ലീല കവിതകള്‍ ചൊല്ലിയിരുന്ന പതിവ്‌ തെറ്റിച്ച് സംസ്കൃത ശ്ലോകങ്ങള്‍ കാണാപാഠം പഠിച്ച്‌ ഉച്ചാരണ ശുദ്ധിയോടെ ചൊല്ലുകയും പിന്നീടത്‌ മല്‍സരബുദ്ധിയോടെ മാറുകയും ചെയ്തിടത്താണ്‌ അഖില കേരള അക്ഷര ശ്ലോക പരിഷത്തിന്‍റെ ജനനം.

സമ്പന്നമായ ചാക്കോള കുടുംബത്തിലെ ലോനപ്പന്‍ ലോന എന്നയാള്‍, അക്ഷരശ്ലോക പരിഷത്ത്‌ രൂപീകരിക്കുന്നതിനു മുമ്പുതന്നെ തൃശൂരില്‍ അക്ഷരശ്ലോക മല്‍സരം നടത്താറുണ്ടായിരുന്നു. മഹാകവി കെ കെ രാജയുടെ സ്നേഹപൂര്‍ണമായ നിര്‍‌ദേശം അനുസരിച്ചായിരുന്നു അത്.

ലോനപ്പന്‍ ലോന നടത്തിയ ഒരു മത്സരത്തില്‍ സ്വര്‍ണപ്പതക്കം സമ്മാനമായി നേടിയത്‌ ജ്വല്ലറി ഉടമയായ അറ്റ്ലസ്‌ രാമചന്ദ്രന്‍റെ പിതാവ്‌ കമലാകരമേനോനായിരുന്നു. പിന്നീട്‌ പരിഷത്ത്‌ രൂപീകരിച്ചപ്പോള്‍ അദ്ദേഹമതിന്‍റെ സ്ഥാപകാംഗവുമായി. ഇപ്പോള്‍ അക്ഷരശ്ലോക പ്രസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതും അറ്റ്ലസ്‌ രാമചന്ദ്രന്‍ തന്നെ.

ഇത്തവണത്തെ അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുക്കാന്‍ നിലേശ്വരം മുതല്‍ കിളിമാനൂര്‍ വരെയുള്ള നൂറോളം പേരാണ്‌ മല്‍സരരംഗത്തുള്ളത്‌. മുതിര്‍ന്നവര്‍ക്കുള്ള മല്‍സരത്തിന്‌ അച്ഛന്‍റെ പേരില്‍ ഒരു പവന്‍റെയും കുട്ടികള്‍ക്ക്‌ അരപ്പവന്‍റെയും സുവര്‍ണമുദ്ര രാമചന്ദ്രന്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്‌. സാഹിത്യ അക്കാദമി ഹാളിലാണ്‌ ശ്ലോകമല്‍സരം ഇപ്പോള്‍ നടന്നുവരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :