ആദ്യകാല നായിക എം കെ കമലം അന്തരിച്ചു

കോട്ടയം| WEBDUNIA|
മലയാള സിനിമയിലെ ആദ്യകാല എം കെ കമലം അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായികയാണ് എം കെ കമലം. 10 ദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കമലത്തെ പ്രവേശിപ്പിക്കുന്നത്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാമത്തെ ദിവസം ആശുപത്രിക്കിടക്കയില്‍ നിന്ന് വീണ് കമലത്തിന്‍റെ കൈ ഒടിഞ്ഞിരുന്നു.

പ്രായാധിക്യം കാരണം കൈ ഒടിഞ്ഞതിന് ശസ്ത്രക്രിയ നടത്തേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കമലം ഈ ലോകത്തോടു വിടപറയുകയും ചെയ്തു.

കമലം നായികയായ ‘വിചിത്രവിജയം’ എന്ന നാടകം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ എസ് നൊട്ടാണിയാണ് കമലത്തെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. 1938ല്‍ ‘ബാലന്‍’ പുറത്തിറങ്ങിയതോടെ എം കെ കമലം കലാരംഗത്ത് പ്രശസ്തയായി. ബാലനിലെ മൂന്ന് ഗാനങ്ങള്‍ പാടിയതും കമലമായിരുന്നു. കൂടാതെ നാടകങ്ങളിലും കമലം സജീവ സാന്നിധ്യമായി. ബാലനു ശേഷം ഭൂതരായര്‍ എന്ന ചിത്രത്തിലും വേഷമിട്ടെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. 2000ല്‍ ശയനം എന്ന ചിത്രത്തില്‍ കമലം അഭിനയിച്ചിരുന്നു. ദാമോദരന്‍ വൈദ്യരായിരുന്നു ഭര്‍ത്താവ്. മൂന്ന് പെണ്‍‌മക്കളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :