നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ| WEBDUNIA| Last Modified ശനി, 8 ഓഗസ്റ്റ് 2009 (08:44 IST)
വഞ്ചിപ്പാട്ടിന്‍റെ ലയമാധുര്യം ഒരിക്കല്‍ കൂടി മലയാളി മനസ്സിലേക്ക് പകര്‍ന്ന് നല്‍കാന്‍ ഇന്ന് പുന്നമടക്കായല്‍ വേദിയാവും. അമ്പത്തി ഏഴാമത് നെഹ്‌റു ട്രോഫി വള്ളംകളി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഉച്ചകഴിഞ്ഞു രണ്ടരയോടെ ഉദ്ഘാടനം ചെയ്യുന്നത്.

പതിനാറ് ചുണ്‌ടന്‍വള്ളങ്ങളും എട്ട്‌ എ ഗ്രേഡ്‌ വെപ്പുവള്ളങ്ങളും അഞ്ച്‌ എ ഗ്രേഡ്‌ ഇരുട്ടുകുത്തി വള്ളങ്ങളും അഞ്ച്‌ ബി ഗ്രേഡ്‌ വെപ്പുവള്ളങ്ങളും 15 ഇരുട്ടുകുത്തി ബി ഗ്രേഡ്‌ വള്ളങ്ങളും അഞ്ച്‌ ചുരുളന്‍ വള്ളങ്ങളുമാണ് ജലോല്‍‌സവത്തില്‍ മാറ്റുരയ്ക്കനായി എത്തുന്നത്. തെക്കനോടി വിഭാഗത്തില്‍ വനിതകള്‍ തുഴയുന്ന നാലു വള്ളങ്ങളും മത്സരത്തിനുണ്‌ട്‌. ഇതിന് പുറമെ പ്രദര്‍ശന മത്സരത്തില്‍ പാര്‍ഥസാരഥി ചുണ്‌ടന്‍ പങ്കെടുക്കും.

കുട്ടനാടിന്‍റെ ആവേശവും കരുത്തും വിളിച്ചോതുന്ന ജലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓളപ്പരപ്പിലെ ഒളിംപിക്‌സിന്‌ മുന്നോടിയായി വിവിധ സാംസ്‌കാരിക പരിപാടികളും കലാമത്സരങ്ങളും ജില്ലയില്‍ നടന്നു.

ആയിരക്കണക്കിന് വിനോദസഞ്ചാരികളെ കൂടാതെ നിരവധി പ്രമുഖ വ്യക്തികള്‍ മല്‍‌സരം കാണാനെത്തും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, അംബിക സോണി, കുമാരി സെല്‍‌ജ, ശശി തരൂര്‍ എന്നിവര്‍ മല്‍‌സരത്തിന് സാക്‍ഷ്യം വഹിക്കാനെത്തും. ഇതാദ്യമായാണ് ഇത്രയധികം പ്രമുഖ വ്യക്തികള്‍ മല്‍‌സരം കാ‍ണാ‍നെത്തുന്നത്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് ഇത്തവണത്തെ വള്ളംകളിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :