ചെങ്ങറ ഭൂസമരം മൂന്നാം വയസിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചെങ്ങറ ഭൂസമരം ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്. ഭൂമി അനുവദിച്ചു കിട്ടാനായി 2007 ഓഗസ്റ്റ് നാലിനാണ് ചെങ്ങറ ഭൂസമരം ആരംഭിച്ചത്.

സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്‍റെയും നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകളാണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ കുമ്പഴ റബ്ബര്‍ എസ്റ്റേറ്റില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്.

അതേസമയം ചെങ്ങറയില്‍ ഭൂമി കയ്യേറി സമരം തുടങ്ങിയതോടെ ദുരിതത്തിലായ പ്ലാന്‍റേഷന്‍ തൊഴിലാളികളുടെ 170ഓളം കുടുംബങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എസ്റ്റേന്‍റിന്‍റെ പ്രവേശന ഭാഗത്ത് ഇവരും സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണ്.

എസ്റ്റേന്‍റിന്‍റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാര്‍ കയ്യേറി കുടില്‍ കെട്ടിയത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ഉപരോധ സമരവും പല വിധ രോഗങ്ങളും ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. പതിനൊന്ന് പേരാണ് ഇതിനകം സമരഭൂമിയില്‍ മരിച്ചത്. അഞ്ചേക്കര്‍ വീതം ഭൂമി വേണമെന്നാണ് സമരക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഒരേക്കറെങ്കിലും അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് പരക്കെ ആരോപണമുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാന്‍ പ്രതിപക്ഷത്തിന്‍റെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.

എന്നാല്‍ , സമരക്കാര്‍ കയ്യേറിയത് സര്‍ക്കാര്‍ ഭൂമി അല്ലാത്തതിനാല്‍ ഈ ഭൂമി അനുവദിച്ച് നല്‍കാനാവില്ലെന്നാണ് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചത്. സമരക്കാരെ ഒഴിപ്പിക്കാത്തതിന് ഇതിനകം തന്നെ ചീഫ് സെക്രട്ടറിക്ക് കോടതിയലക്‍ഷ്യ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അതേസമയം, സമരക്കാരുടെ ആവശ്യം ന്യായമാണെന്നും മന്ത്രി സമ്മതിച്ചു. പ്രതിപക്ഷത്തിന്‍റെ സഹകരണത്തോടെ പ്രശ്നത്തിന് ഒരു പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും എ കെ ബാലന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :