പാലാ നാരായണന്‍ നായര്‍ അന്തരിച്ചു

Pala Narayanan Nair
KBJWD
മഹാകവി പാലാ നാരായണന്‍ നായര്‍ (97) അന്തരിച്ചു. കടുത്തുരിത്തിക്കടുത്ത് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തര മണിയോടെയായിരുന്നു അന്ത്യം.

അസുഖ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തെ കുറിച്ചുള്ള കവിതകളെഴുതി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കവിയായിരുന്നു പാലാ നാരായണന്‍ നായര്‍. കേരളം വളരുന്നുവെന്ന കാവ്യ പരമ്പരയാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്.

കീപ്പള്ളില്‍ ശങ്കരന്‍നായരുടെയും പുലിയന്നൂര്‍ പൂത്തൂര്‍വീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി 1911 ഡിസംബര്‍ 11നാണ്‌ പാലാ നാരായണന്‍ നായര്‍ ജനിച്ചത്‌. കുടിപ്പള്ളിക്കുടം അധ്യാപകനായിരുന്ന പിതാവില്‍ നിന്ന പ്രാഥമിക വിദ്യാഭ്യാസം നേടി. പാലാ വിഎം സ്കൂള്‍, പാലാ സെന്‍റ് തോമസ്‌ സ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1925ല്‍ നിഴല്‍ എന്ന കവിത പ്രസിദ്ധികരിച്ചുകൊണ്ടാണ് പാലാ നാരായണ നായര്‍ കവിതയുടെ ലോകത്ത് എത്തിയത്. 1953ലായിരുന്നു അദ്ദേഹം കേരളം വളരുന്നുവെന്ന കൃതി എഴുതിയത്. പത്ത് ഭാഗങ്ങളുള്ളതാണ് ഈ കൃതി. അമൃതകല, അന്ത്യപൂജ, ആലിപ്പഴം, തണ്ണീര്‍ പന്തല്‍, അടിമ, പടക്കളം, പെരുമ തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.

ഏകദേശം അയ്യായിരത്തോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ സമകാലികനായിരുന്ന പാല വള്ളത്തോളിന്‍റെയും ഉള്ളൂരിന്‍റെ പിന്‍‌ഗാമിയായാണ് കാവ്യജീവിതം തുടങ്ങിയത്. വൃത്ത നിബിഡമായിരിക്കണം കവിത എന്ന് നിര്‍ബന്ധമുള്ള പാല നാടോടി വൃത്തങ്ങളും പ്രയോഗങ്ങളും ചാരുതയോടെ പദ്യത്തില്‍ ഇടകലര്‍ത്താന്‍ ശ്രമിച്ചിരുന്നു.

സ്വാതന്ത്ര്യ സമരവും പട്ടിണി പാവങ്ങളോടുള്ള അനുകമ്പയും പാലാ നാരായണന്‍ നായരെ സ്വാധീനിച്ചിരുന്നു. നല്ല അധ്യാപകനായും പ്രശസ്തി നേടിയ അദ്ദേഹം സാഹിത്യ അക്കാദമിയുടെ രൂപീകരണത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. അസിസ്റ്റന്‍റ് സെക്രട്ടറി എന്ന നിലയില്‍ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി.

സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരവും എഴുത്തച്ഛന്‍ പുരസ്കാരവും പാലായെ തേടിയെത്തിയിരുന്നു. കേരള സര്‍വ്വകലാ‍ശാല പ്രസിദ്ധീകരണ വിഭാഗം മേധാവിയായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പട്ടാളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രണ്ടാം ലോക മഹായുദ്ധത്തിലും പാലാ നാരായണന്‍ നായര്‍ പങ്കെടുത്തു.

കോട്ടയം| M. RAJU|
അടിമ, പടക്കളം എന്നീ കവിതകള്‍ അദ്ദേഹം എഴുതിയത് പട്ടാള ക്യാമ്പില്‍ വച്ചായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :