നെയ്യാറ്റിന്‍‌കര വാസുദേവന്‍ അന്തരിച്ചു

Neyyatinkara Vasudevan
PROPRO
പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ നെയ്യാറ്റിന്‍‌കര വാസുദേവന്‍ (68)അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള വസതിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അവശ നിലയിലായിരുന്നു.

നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം ആകാശവാണിയില്‍ ഏറേക്കാലം സംഗീത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതി തിരുനാള്‍, ഏണിപ്പടികള്‍, ചിത്രം, വചനം, മഴ ഉള്‍പ്പെടെ ചില സിനിമകളില്‍ അദ്ദേഹം കര്‍ണ്ണാടക സംഗീതം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ സംഗീതജ്ഞനായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴിലാണ്‌ നെയ്യാറ്റിന്‍‌കര വാസുദേവന്‍ സംഗീതം അഭ്യസിച്ചത്‌.

2006 ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വാതിതിരുനാല്‍ പുരസ്കാരം നേടിയിട്ടുള്ള നെയ്യാറ്റിന്‍‌കര വാസുദേവന്‍ തിരുവനന്തപുരത്തെ സ്വാതിതിരുനാല്‍ സംഗീത കോളേജിലാണ് സംഗീത പഠനം നടത്തിയത്. കുട്ടിക്കാലം മുതല്‍ തന്നെ നിരവധി വേദികളില്‍ കര്‍ണ്ണാടക സംഗീത കച്ചേരികള്‍ അവതരിപ്പിച്ച അദ്ദേഹം വളരെ പെട്ടന്നാണ് ഈ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചത്.

Neyyattinkara Vasudevan
PROPRO
അമ്മുക്കുട്ടിയമ്മയാണ്‌ ഭാര്യ. മക്കള്‍: ബാബുരാജ്‌, ജയരാജ്‌. 1940 ല്‍ നെയ്യാറ്റിന്‍‌കരയിലെ അത്താഴമംഗലം നാരായണന്‍ - ജാനകി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ച വാസുദേവന്‍റെ സഹപാഠികളില്‍ യേശുദാസ്, എം.ജി.രാധാകൃഷ്ണന്‍, തിരുവിഴാ ജയശങ്കര്‍ എന്നീ പ്രമുഖരും ഉള്‍പ്പെടുന്നു.

എറണാകുളം തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ അധ്യാപകനായാണ് നെയ്യാറ്റിന്‍‌കര വാസുദേവന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972 ല്‍ ആകാശവാണിയില്‍ ചേര്‍ന്നു.

പത്മശ്രീ പുരസ്കാരം നേടിയ നെയാറ്റിന്‍‌കര വാസുദേവന്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1982) 89 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്‌ (1989), തുളസീവനം അവാര്‍ഡ്‌ (1992), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
തിരുവനന്തപുരം| WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :