കാവുങ്കല്‍ ചാത്തുണ്ണിപ്പണിക്കര്‍ അന്തരിച്ചു

Kavunkal Chathunni Panikkar
WDWD
പ്രശസ്ത കഥകളി ആചാര്യന്‍ പത്മശ്രീ കാവുങ്കല്‍ ചാത്തുണ്ണിപ്പണിക്കര്‍ (86) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സെന്‍റ് മേരീസ്‌ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9.25 നായിരുന്നു അന്ത്യം.

തളര്‍വാതം ബാധിച്ച്‌ ആറുവര്‍ഷമായി ചികിത്സയിലായിരുന്നു. നെല്ലുവായ്‌ തിച്ചൂര്‍ സ്വദേശിയായ ഇദ്ദേഹം കലാ ജീവിതത്തിലെ ഏറിയ ഭാഗവും കേരളത്തിനു വെളിയിലാണ്‌ ചെലവഴിച്ചത്‌.

മൃണാളിനി സാരാഭായി അഹമ്മദാബാദില്‍ നടത്തുന്ന ദര്‍പ്പഡ നൃത്ത അക്കാഡമിയില്‍ അദ്ദേഹം ഏറെക്കാലം കഥകളി അഭ്യസിപ്പിക്കുകയും നൃത്തസംവിധാനം നടത്തുകയും ചെയ്തിരുന്നു

കഥകളിയിലെ കാവുങ്കല്‍ കളരിയുടെ അവസാനത്തെ കണ്ണിയാണ്‌ കാവുങ്കല്‍ ചാത്തുണ്ണി പണിക്കര്‍. ഗുരു കാവുങ്കല്‍ ശങ്കരപ്പണിക്കരാണ്‌ ഈ കളരിയുടെ ഉപജ്ഞാതാവ്‌. കീചകന്‍ ശങ്കരപ്പണിക്കര്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ അനന്തിരവനാണ്‌ ചാത്തുണ്ണി പണിക്കര്‍. വള്ളത്തോളിന്‍റെ നേതൃത്വത്തിലുള്ള കഥകളി സംഘത്തിലെ പ്രധാനിയായിരുന്നു

ശാസ്ത്രീയ നൃത്തത്തില്‍ കഥകളിയുടെ അംശങ്ങള്‍ ചേര്‍ത്ത്‌ അദ്ദേഹം സൃഷ്ടിച്ച അനേകം പുതിയ രചനകള്‍ ഇന്ന്‌ പ്രചാരത്തിലുണ്ട്‌. ഇദ്ദേഹത്തിന്‍റെ ഹനുമാന്‍, രൗദ്ര ഭീമന്‍ തുടങ്ങിയ വേഷങ്ങള്‍ പ്രശസ്തങ്ങളാണ്‌.

കഥകളിയുമായി ലോകം മുഴുവന്‍ സഞ്ചരിച്ച ഇദ്ദേഹത്തിന്‌ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 1955-ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും സ്വര്‍ണമെഡല്‍, 1961-ല്‍ വീരശൃംഖല, കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്‌, വള്ളത്തോള്‍ അവാര്‍ഡ്‌, കലാമണ്ഡലം ഫെലോഷിപ്പ്‌, കലാമണ്ഡലം എന്‍ഡോവ്‌മെന്‍റ് എന്നിവ അതില്‍ ഉള്‍പ്പെടും. സംസ്ഥാന സര്‍ക്കാരിന്‍റെ 2003 - ലെ കഥകളി പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌.

1985-ല്‍ കേരളത്തിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. 1991-ല്‍ തൃശ്ശൂരില്‍ സ്വന്തമായി ഒരു കളരി തുടങ്ങിയെങ്കിലും 1995-ല്‍ അത്‌ നിര്‍ത്തി.

ഭാര്യ: ദേവകി. മക്കള്‍: ദേവിക, ശിവശങ്കരന്‍. മരുമക്കള്‍: ദേവേശ്‌, സ്വപ്ന.
തൃശൂര്‍| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :