ലീഡര്‍ക്ക് പകരം ലീഡര്‍ മാത്രം

WEBDUNIA|
PRO
നയതന്ത്ര നിപുണതയില്‍ കെ കരുണാകരനൊപ്പം നില്‍ക്കാന്‍ പോന്ന നേതാക്കള്‍ ഇന്ത്യന്‍ രാ‍ഷ്ട്രീയത്തില്‍ തന്നെ അപൂര്‍വ്വമാണ്. ലീഡര്‍ എന്ന വിളിപ്പേര് അദ്ദേഹത്തിനു മാത്രം സ്വന്തം. ഐ എന്‍ ടി യു സി യുടെ സ്ഥാപക അംഗമായി രാഷ്ട്രീയ ജീവിതമാരംഭിച്ച അദ്ദേഹം കോണ്‍ഗ്രസ്സില്‍ ആകൃഷ്ടനാവുന്നത് സ്വാതന്ത്ര്യസമര കാലത്താണ്.

ഇന്ദിരാ‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ശക്തനായ ഐ ഗ്രൂപ്പ് വക്താവായിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ടീയത്തിന് മൂര്‍ച്ചയേകാന്‍ കാരണമായത് കരുണാകരനായിരുന്നു. മക്കള്‍ രാഷ്ടീയവും ഗ്രൂപ്പിസവും ഒടുവില്‍ കോണ്‍ഗ്രസിനോട് വിടപറയാന്‍ കരുണാകരനെ നിര്‍ബന്ധിതനാക്കി. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് വിട്ട് ഡി ഐ സി രൂപീകരിച്ചു.

എന്നാല്‍ ഡി ഐ സിക്ക് ഒറ്റക്ക് പിടിച്ചു നില്‍ക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. മുഖ്യ ശത്രുവായി മാറിയ കോണ്‍ഗ്രസിനെ എതിരിടാനായി പിന്നീട് നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (എന്‍ സി പി) യില്‍ ലയിക്കുകയും ചെയ്തു. കരുണാകരന്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളരെയധികം വിഷമതകള്‍ നേരിട്ട ഒരു കാലഘട്ടമായിരുന്നു ഇത്. അഴിമതി കേസുകളോ തന്റെ മുഖ്യമന്ത്രി കസേര വരെ തെറിപ്പിച്ച രാജന്‍ സംഭവമോ ഒരു പക്ഷേ അദ്ദേഹത്തെ ഇത്രയേറെ അലട്ടിയിട്ടുണ്ടാവില്ല.

എന്‍ സി പിയുടെ പ്രവര്‍ത്തകസമിതി അംഗമായിരിക്കെ താനും അനുയായികളും കോണ്‍ഗ്രസിലേക്കു തിരിച്ചു പോവുകയാണെന്ന് 2007 ഡിസംബര്‍ പത്തിന് തിരുവനന്തപുരത്തു ചേര്‍ന്ന സമ്മേളനത്തില്‍ കരുണാകരന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുമ്പോള്‍ തന്നോടൊപ്പം മകന്‍ കെ മുരളീധരനും ഉണ്ടാ‍യിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

പിന്നീട് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് അദ്ദേഹത്തോടൊപ്പം എന്‍ സി പിയില്‍ നിന്ന് തിരിച്ച് കോണ്‍ഗ്രസിലെത്തിയവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുത്തില്ലെന്ന ആരോപണമുയര്‍ത്തിയായിരുന്നു. എന്‍ സി പി വിട്ട മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അവസാന കാലത്ത് അദ്ദേഹം ചരടുവലികള്‍ നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :