സഭയില്‍ പീഡനവും സ്വവര്‍ഗഭോഗവും!

വിനോദ് മാധവന്‍

Church
WEBDUNIA|
PRD
PRO
തരം‌കിട്ടിയാല്‍ സ്ത്രീപീഡനവും ഒത്തുവന്നാല്‍ സ്വവര്‍ഗഭോഗവും നടത്തുന്നവരാണ് കത്തോലിക്കാ സഭയിലെ അച്ചന്മാരെന്ന് ആരോപിച്ചുകൊണ്ട് ഒരു പുസ്തകം പുറത്തിറങ്ങുന്നു. ഇരുപത്തിനാല് വര്‍ഷം സീറോ മലബാര്‍ സഭയിലെ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തിച്ച കറുകുറ്റി കരയാംപറമ്പ് കാളാപറമ്പില്‍ കെപി ഷിബുവിന്റെ ആത്മകഥാപരമായ രചനയിലാണ് കത്തോലിക്കാ സഭയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പതിമൂന്ന് വര്‍ഷം വൈദിക വിദ്യാര്‍ത്ഥിയായും പതിനൊന്ന് വര്‍ഷം വൈദികനായും പ്രവര്‍ത്തിച്ച ഷിബു കഴിഞ്ഞ മാര്‍ച്ചിലാണ് വിട്ടത്. 'ഒരു വൈദികന്റെ ഹൃദയമിതാ....' എന്ന ഗ്രന്ഥത്തില്‍ സഭാധികാരികള്‍ക്കും വൈദികര്‍ക്കും സംന്യസ്ഥര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണുണ്ടായത്. പല പുരോഹിതരും തങ്ങളുടെ വ്രതാനുഷ്ഠാനങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുന്നതായി ഷിബു പുസ്തകത്തില്‍ ആരോപിക്കുന്നു. സ്വയംഭോഗം, സ്വവര്‍ഗഭോഗം, നീലച്ചിത്രങ്ങള്‍ എന്നിവ സംന്യാസാലയങ്ങളുടെ ഭാഗമായി മാറിയെന്നാണ് 'ഒരു വൈദികന്റെ ഹൃദയമിതാ....' എന്ന പുസ്തകം പറയുന്നത്.

പുരോഹിതരും കന്യാസ്ത്രീകളും തങ്ങളുടെ ബ്രഹ്മചര്യം കാറ്റില്‍ പറത്തിയതായും കന്യാസ്ത്രീകളും അനാഥരായ സ്ത്രീകളും വിധവകളും കുട്ടികളും സഭയില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായും തന്‍റെ പുസ്തകത്തില്‍ ഷിബു ആരോപിക്കുന്നു. പുരോഹിത വിദ്യാര്‍ത്ഥികളില്‍ ബാലലൈംഗികത വ്യാപകമാണെന്നും അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഷിബു ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ച് ബഹളം വയ്ക്കുന്ന അച്ചന്മാരെപ്പറ്റിയും മൈനര്‍ സെമിനാരികളിലെ സ്വവര്‍ഗഭോഗത്തെ പറ്റിയുമൊക്കെ ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

സാധാരണ കോളജുകളിലെപ്പോലെ, ബാച്ച് തിരിഞ്ഞുള്ള ഗുണ്ടായിസവും റാഗിംഗും സെമിനാരികളില്‍ പതിവാണത്രേ. അനുസരണവ്രതത്തിന്റെ പേരില്‍ വൈദിക വിദ്യാര്‍ത്ഥികളെ അടിമകളാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ദാരിദ്ര്യം വ്രതമാക്കിയ വൈദികരാകട്ടെ സുഭിക്ഷമായി ഭക്ഷിച്ച് കഴിയുന്നത് എന്ത് നീതിയാണെന്ന് ഷിബു ചോദിക്കുന്നു. വിന്‍സെന്‍ഷ്യന്‍ സഭയ്ക്കു കീഴിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ അഴിമതിയെക്കുറിച്ചും ധ്യാന ഗുരുക്കന്മാരുടെ സുഖജീവിതത്തെക്കുറിച്ചുമൊക്കെ പുസ്തകം സവിസ്തരം പ്രസ്താവിക്കുന്നു.

പുസ്തകം എഴുതിയതിനെ തുടര്‍ന്ന് തനിക്ക് അജ്ഞാത ഭീഷണികള്‍ ലഭിച്ചതായി ഷിബു അടുത്തിടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പള്ളിയുടെ നിര്‍ബന്ധത്താല്‍ തന്നെ തന്‍റെ വീട്ടില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ തീരുമാനം. കഴിഞ്ഞ മാര്‍ച്ചില്‍ സഭയ്ക്കെതിരെ പ്രവര്‍ത്തിച്ചതിന് ഷിബുവിനെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകത്തിന് ശേഷം സഭാ നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടുന്ന രണ്ടാമത്തെ വിവാദ പുസ്തകമാവും ഇത്. താന്‍ മഠത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചുള്ള ജെസ്മിയുടെ ആത്മകഥ ‘ആമേന്‍’ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. സഭയ്ക്കുള്ളില്‍ ദുഷ്ചെയ്തികള്‍ നടക്കുന്നുണ്ടെന്ന് പച്ചയായ ഭാഷയില്‍ വിവരിക്കുന്ന ഷിബുവിന്റെ പുസ്തകം വലിയ ഒച്ചപ്പാട് ഉണ്ടാക്കുമെന്ന് ഉറപ്പ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :