ട്രെയിന്‍ ഭക്ഷണം കൊള്ളില്ലെന്ന പഴി വേണ്ടാ!

WEBDUNIA|
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന ഭക്ഷണത്തെ പഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. മിക്കപ്പോഴും ഇന്ത്യന്‍ റെയില്‍‌വേ നല്‍‌കുന്നത് വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണമാണ്. അതിനാവട്ടെ, തീ പിടിച്ച വിലയും. ഇതാ, കേന്ദ്ര റെയില്‍‌വേ മന്ത്രി മമതാ ബാനര്‍ജി യാത്രക്കാരുടെ പരാതി തീര്‍ക്കാന്‍ ഒരുങ്ങുന്നു.

ഇനിമുതല്‍, ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കേരളീയ ഭക്ഷണമോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റ് ഭക്ഷണമോ വേണമെങ്കില്‍ മൊബൈല്‍ എടുക്കൂ. എന്ന നമ്പറിലേക്ക് ഫോണ്‍ ചെയ്യൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം നിങ്ങളെ തേടിയെത്തും. പ്രമുഖ നഗരങ്ങളിലെ വന്‍ ഹോട്ടലുകളില്‍ ലഭിക്കുന്ന നിലവാരത്തിലുള്ള ഭക്ഷണമാണ് നിങ്ങളെ തേടിയെത്തുക.

ഇന്ത്യന്‍ റെയില്‍‌വേയില്‍ മമതാ ബാനര്‍ജി കൊണ്ടുവരുന്ന പരിഷ്കരണങ്ങളില്‍ ഒന്നാണിത്. റെയില്‍‌വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നല്‍‌കുന്ന ഭക്ഷണം മികച്ച നിലവാരം ഉള്ളതായിരിക്കണമെന്ന് മമതാ ബനാര്‍ജി റെയില്‍‌വേക്ക് അന്തിമ ശാസനം നല്‍‌കിക്കഴിഞ്ഞു. ഇതിനുവേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് റെയില്‍‌വേ വകുപ്പ് അറിയിച്ച് കഴിഞ്ഞിട്ടുണ്ട്

ട്രെയിന്‍ സമയം, പി എന്‍ ആര്‍ സ്റ്റാറ്റസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് 139 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ ഇതുവരെ ലഭിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ 139 -ലേക്ക് വിളിച്ച് ഭക്ഷണസാധനങ്ങളും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവും എന്നറിയുന്നു.

പാന്‍‌ട്രീ കാറുള്ള എല്ലാ ട്രെയിനുകളിലും ഇന്ത്യയില്‍ പൊതുവായി കഴിക്കുന്ന ചപ്പാത്തി പോലുള്ള ഭക്ഷണം ലഭ്യമാക്കാനാണ് മമതയുടെ പദ്ധതി. ഒപ്പം, പ്രാദേശിക ഭക്ഷണവും ലഭിക്കും. അതായത് കേരളത്തിലേക്ക് വരുന്നതും കേരളത്തില്‍ നിന്ന് പോവുന്നതുമായ എല്ലാ ട്രെയിനുകളിലും കേരളീയ ഭക്ഷണം ലഭിക്കും എന്നര്‍ത്ഥം.

കൂടാതെ ദക്ഷിണേന്ത്യയില്‍ ഓടുന്ന ട്രെയിനുകളിലെല്ലാം ഇഡ്ഡലി, വട, ദോശ, പൊങ്കല്‍, ഉപ്പുമാവ്, പൂരി മസാല, തൈര് സാദം, പുളി സാദം, സാമ്പാര്‍ സാദം, ലെമണ്‍ സാദം, തൈരുവട, സാമ്പാര്‍ വട, ചപ്പാത്തി, പൊറാട്ടാ കുറുമ തുടങ്ങി ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കാനും മമത ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ഓടുന്ന 50 ട്രെയിനുകളില്‍ ഇപ്പോള്‍ പാന്‍‌ട്രീ കാര്‍ സൌകര്യം ലഭ്യമാണ്. ചിലര്‍ക്ക് പാന്‍‌ട്രീ കാറുകളിലെ പരിമിത ഇനങ്ങളോടുകൂടിയ ഭക്ഷണം രുചിച്ചെന്ന് വരില്ല. അതിനാല്‍, പുറത്തുനിന്നുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് റെയില്‍‌വേ സ്റ്റേഷനുകളില്‍ ഉള്ള ഫുഡ് മാളുകളില്‍ നിന്ന് ഭക്ഷണം വരുത്തിക്കൊടുക്കാനുള്ള സംവിധാനം റെയില്‍‌വേ ഒരുക്കുന്നു.

ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ കയ്യിലുള്ള മൊബൈലില്‍ നിന്ന് 139 -ലേക്ക് വിളിച്ച് ആവശ്യമുള്ള ഭക്ഷണം ആവശ്യപ്പെടാം. അടുത്ത സ്റ്റേഷനില്‍ തന്നെ ഈ ഭക്ഷണം യാത്രക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. രാജ്യത്തെ പ്രമുഖ സ്റ്റേഷനുകളില്‍ എല്ലാം നവീന സൌകര്യങ്ങളോട് കൂടിയ ഫുഡ് മാളുകള്‍ തുറക്കാനും റെയില്‍‌വേക്ക് പദ്ധതിയുണ്ട്. ആകപ്പാടെ, ട്രെയില്‍ യാത്ര ഒരു ‘സുഖിയന്‍ യാത്ര’ ആക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ മമതാ ബാനര്‍ജി.

ലാലു ഇത് കേള്‍ക്കുന്നുണ്ടോ ആവോ?!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :