ശ്രീധരന് പത്മവിഭൂഷണ്‍

E.Sreedharan
PROPRO
ഡെല്‍ഹി മെട്രോ റയില്‍വേയുടെ ചെയര്‍മാനും മലയാളിയുമായ ഇ.ശ്രീധരന്‍ ഇത്തവണത്തെ പത്മവിഭൂഷണ്‍ പുരസ്കാരത്തിന്‌ അര്‍ഹനായി.

പശ്ചിമഘട്ടത്തിലെ ദുര്‍ഘടമായ മലനിരകള്‍ക്കിടയിലൂടെ മംഗലാപുരത്തു നിന്ന്‌ മുംബൈയിലേക്കുള്ള യാത്രയില്‍ നൂറുകണക്കിന്‌ കിലോമീറ്ററും സമയവും ലാഭിക്കാന്‍ സഹായിച്ച കൊങ്കണ്‍ റയില്‍വേയുടെ നിര്‍മ്മാണത്തിലൂടെയാണ്‌ ശ്രീധരന്‍ ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയത്‌.

കൊങ്കണ്‍ റയില്‍വേയുടെ പണി പൂര്‍ത്തിയായ ഉടന്‍ തന്നെ ലഭിച്ച ഡല്‍ഹി മെട്രോ റയില്‍വേയുടെ പണിയും നിര്‍ദ്ദിഷ്ട സമയത്തു തന്നെ പൂര്‍ത്തിയാക്കിയാണ്‌ അദ്ദേഹം ഈ രംഗത്ത്‌ വീണ്ടും മികവ്‌ തെളിയിച്ചത്‌.

രാജ്യത്തെ ആദ്യത്തെ മെട്രോ റയില്‍വേയായ കൊല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പന, ആസൂത്രണം എന്നിവയുടെ ചുമതലയും ശ്രീധരനായിരുന്നു. കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മെട്രോ റയില്‍‌വേയുടെ മേല്‍‌നോട്ടവും ശ്രീധരന്‍റെ ചുമതലയിലാണുള്ളത്.

ഈ നേട്ടങ്ങള്‍ കൈവരിച്ച ശ്രീധരന്‍റെ നേട്ടത്തിന് അംഗീകാരമായാണ്‌ രാജ്യത്തിന്‍റെ അമ്പത്തൊമ്പതാം റിപബ്ലിക്‌ ദിനാഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ അദ്ദേഹത്തിന്‌ രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പത്മവിഭൂഷണ്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ അദ്ദേഹത്തോടൊപ്പം മലയാളികള്‍ക്ക്‌ അഭിമാനിക്കാം.

1954 ഡിസംബറിലാണ്‌ ശ്രീധരന്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ പ്രവേശിച്ചത്‌. 1986 ല്‍ അദ്ദേഹം കല്‍ക്കത്ത ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റയില്‍വേയുടെ ജനറല്‍ മാനേജരായി ഉയര്‍ന്നു.

രാമേശ്വരത്തെ പ്രസിദ്ധമായ പാമ്പന്‍ പാലം 1964 ല്‍ ഉണ്ടായ വന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നപ്പോള്‍ കേവലം 46 ദിവസം കൊണ്ട്‌ അത്‌ പൂര്‍വസ്ഥിതിയിലാക്കിയത്‌ ശ്രീധരനാണ്‌.

അദ്ദേഹത്തിന്‍റെ വിവിധ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി അദ്ദേഹത്തിന്‌ 2001 പത്മശ്രീ ലഭിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന് ലഭിച്ച പ്രധാന ബഹുമതികളില്‍ മറ്റൊന്ന്‌ ഫ്രഞ്ച്‌ സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ്‌.

1932 ജൂലൈ 12 ന് ജനിച്ച എള്ളാട്ടുവളപ്പില്‍ ശ്രീധരന്‍ എന്ന ഇ.ശ്രീധരന്‍ പാലക്കാട് ജില്ലയിലെ പെരുങോട് സ്വദേശിയാണ്. പാലക്കാട്ടെ വിക്‍ടോറിയ കോളേജിലെ പഠനത്തിനു ശേഷം ശ്രീധരന്‍ കാക്കിനഡയിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി.

പഠനം അവസാനിച്ച ശേഷം ചെറിയൊരു കാലയളവില്‍ അദ്ദേഹം കോഴിക്കോട്ടെ കേരള പോളിടെക്നിക്കില്‍ ലക്ചററായി ജോലി നോക്കിയ ശേഷം ബോംബെ പോര്‍ട്ട് ട്രസ്റ്റില്‍ അപ്രന്‍റീസായി ഒരു വര്‍ഷം ചെലവിട്ടു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ശ്രീധരന്‍ മാനേജിംഗ് ഡയറക്‍ടറായിരിക്കവേയാണ് അവിടെ ആദ്യത്തെ കപ്പലായ റാണി പത്മിനി നിര്‍മ്മിച്ചത്.1990 ല്‍ റയില്‍‌വേയില്‍ നിന്ന് അദ്ദേഹം വിരമിച്ചു.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍.ശേഷന്‍റെ സഹപാഠി കൂടിയായിരുന്ന ശ്രീധരന് നിരവധി പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍ അംഗത്വമുണ്ട്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :