സാമൂഹിക വിപ്ളവകാരിയായ സഹോദരന്‍

T SASI MOHAN|
കേരളം കണ്ട കരുത്തനായ സാമൂഹിക വിപ്ളവകാരികളില്‍ ഒരാളാണ് സഹോദരന്‍ കെ.അയ്യപ്പന്‍.ജാതി വേണ്ട മതം വേണ്ട ഡൈവം വേണ്ട മനുഷ്യന് എന്നു ശ്രീനാരായണ ഗുരു വചനത്തെ തിരുത്തി പറയാന്‍ ചങ്കൂറ്റം കാട്ടിയ ഗുരു ശിഷ്യനായിരുന്നു അയ്യപ്പന്‍ . അയ്യപ്പന്‍ നല്ല പ്രഭാഷകനായിരുന്നു.

എറണാകുളത്തിനടുത്തുള്ള ചെറായിയില്‍ കുമ്പളത്തുപറമ്പില്‍ കൊച്ചാവു വൈദ്യന്‍റെ മകനായി 1899 ഓഗസ്റ്റ് 22 നാണ് അദ്ദേഹം ജനിച്ചത്. അന്ത്യം 1968 മാര്‍ച്ച് 6 നായിരുന്നു.

ശ്രീനാരായണ ഗുരുവിന്‍റെ ആഹ്വാനമനുസരിച്ച് ജാതി നശീകരണ പ്രവര്‍ത്തനങ്ങളിലിറങ്ങിയ അയ്യപ്പന്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത് സ്വന്തം കുടുംബത്തിലായിരുന്നു. അതിനു സമുദായ പ്രമാണിമാര്‍ വിധിച്ച ഭ്രഷ്ടിനെയും വിലക്കുകളെയും അദ്ദേഹം നിര്‍ഭയം നേരിട്ടു.

പിന്നാക്ക ജനവിഭാഗത്തിനു വേണ്ടിയുള്ള കൈ മെയ് മറന്ന പ്രവര്‍ത്തനത്തിലൂടെ പുലയന്‍ അയ്യപ്പന്‍ എന്ന പരിഹാസം അദ്ദേഹത്തെ തളര്‍ത്തിയില്ല എന്നു മാത്രമല്ല ആ പെര് ഒരു ഗരിമയായി കൊണ്ടു നടക്കുകയും ചെയ്തു.

ഹൈസ്കൂള്‍ വിദ്യാഭ്യാസാനന്തരം അനാരോഗ്യം മൂലവും മറ്റും തടസ്സപ്പെട്ട ഉപരിവിദ്യാഭ്യാസം തുടര്‍ന്നത് ശ്രീനാരായണ ഗുരുവിന്‍റെയും മറ്റും ഉപദേശമനുസരിച്ചാണ്. 1916 ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്നു ബി.എ. പാസായി.

ശ്രീനാരായണ ഗുരുവിന്‍റെ അനുഗ്രഹാശിരസ്സുകളോടെ അയ്യപ്പന്‍ 1917 ല്‍ ചെറായിയിലുള്ള മൂത്ത സഹോദരിയുടെ വീട്ടില്‍ വച്ച് ഒരു മിശ്രഭോജന പരിപാടി നടത്തി. പുലയരുള്‍പ്പൈടെ 200 പേര്‍ അതില്‍ പങ്കുകൊണ്ടു.

അയ്യപ്പന്‍ നേതൃത്വം നല്‍കിയ സഹോദരസംഘത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു മിശ്രഭോജനം. അന്നാണ് എതിരാളികള്‍ അദ്ദേഹത്തിനു പുലയന്‍ അയ്യപ്പന്‍ എന്ന പേരു നല്‍കിയതും സമുദായ ഭ്രഷ്ടു കല്‍പിച്ചതും.

സഹോദരസംഘത്തിന്‍റെ മുഖപത്രമായി 1921 ല്‍ സഹോദരന്‍ എന്നൊരു മാസിക തുടങ്ങിയതോടെ കേരളീയ ജനതയ്ക്ക് അദ്ദേഹം സഹോദരന്‍ അയ്യപ്പനായി.

പിന്നീട് തിരുവനന്തപുരത്തുപോയി നിയമബിരുദം നേടിയ അയ്യപ്പന്‍ മടങ്ങിവന്നു പത്രപ്രവര്‍ത്തനം തുടര്‍ന്നു. നിയമബിരുദം നേടുന്നതിനുമുമ്പ് ചെറായി രാമവര്‍മ്മ സ്കൂളിലും തിരുവനന്തപുരത്ത് ചാല മലയാളം സ്കൂളിലും കുറച്ചുകാലം അദ്ധ്യാപക ജോലി നോക്കി.

സഹോദരനില്‍ അദ്ദേഹം എഴുതിയ കരുത്തുറ്റ ലേഖനങ്ങളും ഒഴുക്കും സൗന്ദര്യവുമുള്ള കവിതകളും ജനശ്രദ്ധയാകര്‍ഷിച്ചു. അയ്യപ്പന്‍ തികഞ്ഞ യുക്തിവാദിയായിരുന്നു.

സഹോദരന്‍1928 ല്‍ കൊച്ചി നിയമസഭാംഗമായി .21 കൊല്ലം അംഗമായി തുടര്‍ന്നു. 1946 ല്‍ മന്ത്രിയായി. പനമ്പിള്ളിയായിരുന്നു മന്ത്രിസഭയുടെ നേതാവ്. 1948 ലെ ഇക്കണ്ടവാര്യര്‍ മന്ത്രിസഭയിലും അയ്യപ്പനുണ്ടായിരുന്നു.

ആ മന്ത്രിസഭയുടെ കാലത്താണ് തിരു-കൊച്ചി സംയോജനം നടന്നത്. പിന്നീട് പറവൂര്‍ ടി.കെ.മന്ത്രിസഭയിലും അദ്ദേഹത്തിനു സ്ഥാനം കിട്ടിയെങ്കിലും രാജിവച്ചു. അതോടെ സജീവ രാഷ്ട്രീയത്തോടു വിട വാങ്ങി. സാമൂഹ്യ-സാംസ്കാരിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :