വിക്കിസംഗമം ഡോ. ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍| WEBDUNIA|
PRO
PRO
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവര്‍ത്തകസംഗമം 2011’ ജൂണ്‍ 11 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മുതല്‍ 5 മണി വരെ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂണ്‍ 11-ന് രാവിലെ പത്തു മണിക്ക് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും, സാമൂഹ്യ പ്രവര്‍ത്തകനുമായ ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.

കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാഘടകം, മലയാളം വിക്കിപദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ തല്‍‌പരരായ വിവിധ സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഇപ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവര്‍ത്തകര്‍ക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോല്‍ എന്നിവര്‍ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകത.

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ആര്‍ക്കും പങ്കെടുക്കാം. മലയാളം വിക്കിസംരംഭങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളത്തിലുള്ള വിക്കിസംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാര്‍, പത്രസമ്മേളനം എന്നിവയാണ് കാര്യപരിപാടികള്‍.

രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 5:00 മണി വരെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ നഗരത്തിലെ കാല്‍ടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യന്‍ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പരിപാടിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ [email protected] എന്ന വിലാസത്തിലേക്കു് ഇമെയില്‍ അയക്കുകയോ, 9747555818, 9446296081 എന്നീ നമ്പറുകളില്‍ ഒന്നില്‍ വിളിക്കുകയോ ചെയ്താല്‍ മതി.

അറിവിന്‍റെ ജനകീയവല്‍‌ക്കരണം ലക്‌ഷ്യമിട്ടുകൊണ്ട് ജിമ്മി വെയില്‍‌സ്, ലാറി സാംഗര്‍ എന്നിവര്‍ 2001 ജനുവരി 15നാണ്‌ പദ്ധതിക്ക് തുടക്കംകുറിച്ചത്‌. വിവിധ വിഷയങ്ങളെ പറ്റി ആധികാരികവും സൌജന്യവുമായ വിവരങ്ങള്‍ നല്‍കുന്ന ഈ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വളരെ പെട്ടെന്ന് ജനകീയമായി. ഇന്ന് വിക്കിക്ക് 229 ഭാഷാ പതിപ്പുകളുണ്ട്‌. ഇംഗ്ലീഷ്‌ പതിപ്പിലിപ്പോള്‍ ഇരുപത്തിയെട്ട് ലക്ഷത്തിലധികം ലേഖനങ്ങള്‍ ഉണ്ട്. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോന്‍ എംപിയാണ് 2002 ഡിസംബര്‍ 21 -ന് മലയാളം വിക്കിപീഡിയയ്ക്കു തുടക്കം ഇട്ടത്.

(ചിത്രത്തിന് കടപ്പാട്, വിക്കിപീഡിയ കോമണ്‍സ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :