പിതൃതര്‍പ്പണ സ്ഥലങ്ങള്‍

WD
തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറം , തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം , പാലക്കാട്ടെ തിരുവില്വാമല, തിരൂരിലെ തിരുനാവായ, കോഴിക്കോട്ടെ വരയ്ക്കല്‍ കടപ്പുറം , വയനാട്ടിലെ തിരുനെല്ലി പാപനാശിനി തീര്‍ഥം, എന്നിവയാണ് കേരളത്തിലെ പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങള്‍.

ശംഖുമുഖം

തിരുവനന്തപുരം ശംഖുമുഖം കടപ്പുറം ജനസമുദ്രമാകുന്ന ദിവസമാണ് കര്‍ക്കിടകവാവ്. സമുദ്രസ്നാനം ചെയ്തു, ശ്രാദ്ധമൂട്ടി, ശംഖുമുഖം ക്ഷേത്രം ദര്‍ശിച്ച് ജനങ്ങള്‍ മടങ്ങുന്നു. ശാസ്ത്രാനുസരണം സമുദ്രതീരത്തുള്ള ശ്രാദ്ധമൂട്ടലിന് കൂടുതല്‍ പ്രാധാന്യമുണ്ട് ‍.

തിരുനാവായ -അന്ന് മാമാങ്കം , ഇന്ന് ബലി

സാമൂതിരിമാര്‍ക്ക് വേണ്ടി മാമാങ്കത്തില്‍ ബലിയായി മരിച്ചു വീണ തീരമാണ് തിരുനാവായ. ഇന്ന് ജനസഹസ്രങ്ങള്‍ പിതൃബലിയ്ക്കായി എത്തുന്നയിടം. വളരെ പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നായ നാവാമുകുന്ദക്ഷേത്രമിവിടെയാണ്. നാവാമുകുന്ദന്‍റെ സാന്നിദ്ധ്യം വിഷ്ണുപ്രീതി ഉറപ്പ് വരുത്തുന്നു.

തിരുനെല്ലി

തിരുനെല്ലിയിലെ പാപനാശിനിപ്പുഴ ബലിതര്‍പ്പണത്തിന് പ്രസിദ്ധമാണ്. പാപനാശിനിയുടെ സമീപത്തുള്ള പിണ്ഡപ്പാറയിലാണ് ബലിപിണ്ഡം വയ്ക്കേണ്ടത്. തിരുനെല്ലിയില്‍ ബലിയിട്ടാല്‍ പിന്നെ പിതൃനന്‍മയ്ക്ക് വേണ്ടി ഒന്നും ചെയ്യേണ്ടതില്ലെന്നാണ് വിശ്വാസം.

ദശരഥന്‍റെ ബലികര്‍മ്മങ്ങള്‍ രാമലക്ഷ്മണന്മാര്‍ ഇവിടെവച്ചാണ് ചെയ്തതെന്നാണ് കഥ. ഇവിടെയുള്ളക്ഷേത്രത്തിന് 3000 കൊല്ലമെങ്കിലും പഴക്കമുണ്ട്. ബ്രഹ്മഗിരി താഴ്വരയിലെ ഈ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ നടത്തിയത് ബ്രാഹ്മവാണെന്നാണ് സങ്കല്‍പ്പം. ബലിയിടാന്‍ പോകുന്നവര്‍ തൃശ്ശിലേരി ക്ഷേത്രത്തിലിറങ്ങി ശിവനെ വന്ദിച്ച് വേണം പോകാന്‍.

തിരുവല്ലം പരശുക്ഷേത്രം

കിള്ളിയാറിന് സമീപമുള്ള അതിപുരാതനമായ ക്ഷേത്രമാണ് തിരുവല്ലം പരശുരാമക്ഷേത്രം. കേരളത്തിന്‍റെ ഋഷിയും നാഥനുമായി കരുതപ്പെടുന്ന പരശുരാമമഹര്‍ഷിയാണ് ഇവിടെ പ്രതിഷ്ഠ. മറ്റനേകം ഉപദേവതകളുമുണ്ട്. പിതൃക്കളെ പരശുരാമസന്നിധിയില്‍ ആവാഹിച്ചിരുത്തിയിരിക്കുകയാണ്. ബലിയിടാന്‍ ഇവിടെയെന്നും തിരക്കാണ്. കരിങ്കല്ലില്‍ പണിതീര്‍ത്ത ഈ ക്ഷേത്രം ഇന്നും സുന്ദരമായിത്തന്നെ നിലകൊള്ളുന്നു.

വര്‍ക്കല പാപനാശം

അതിമനോഹരമായ ഈ കടല്‍ത്തീരം കര്‍ക്കടകവാവിന്‍റെ ദിവസം ജനലക്ഷങ്ങളെക്കൊണ്ട് നിറയും. ഔഷധഗുണമുള്ള നീരുറവകള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ചതാണിവിടം. തീരത്തുള്ള ജനാര്‍ദ്ദനസ്വാമിക്ഷേത്രം 2000 കൊല്ലമെങ്കിലും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു
WEBDUNIA|


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :