ഓണവില്ല് സമര്‍പ്പണം

എം രാജു

FILEFILE
ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളില്‍ ഓണവില്ല് സമര്‍പ്പിക്കലാണ് തിരുവിതാംകൂറിലെ ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. നാടുകാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്‍റെ അവതാരങ്ങള്‍ വരച്ചുകാട്ടുന്നതാണ് ഓണവില്ല്.

ഈ ആചാരത്തിന് രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്നു. കരമനയില്‍ വാണിയം‌മൂല മൂത്താശാരി കുടുംബത്തിന്‍റെ അവകാശമാണ് ഓണവില്ല് തയാറാക്കല്‍. മഹാവിഷ്ണുവിന്‍റെ സൌമ്യഭാവമുള്ള അവതാര കഥകള്‍ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വര്‍ണങ്ങളിലാണ് തയാറാക്കുന്നത്.

മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്‍റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടര്‍ന്ന് മാവേലിക്ക് വിശ്വരൂ‍പം ദര്‍ശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.

ആ സമയം വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകര്‍മ്മ ദേവന്‍റെ ആള്‍ക്കാരെ കൊണ്ട് കാലാകാലങ്ങളില്‍ അവതാരങ്ങള്‍ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയില്‍ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നല്‍കുന്നു. അതിന്‍പ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമര്‍പ്പണം എന്നാണ് ഐതീ‍ഹ്യം.

കേരളത്തിന്‍റെ ഭൂപട മാതൃകയെ അനുസ്മരിപ്പിക്കുന്ന വില്ല് തയാറാക്കുന്നത് കടമ്പ് വൃക്ഷത്തിന്‍റെ തടിയിലാണ്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളില്‍ പലകകള്‍ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് ക്ഷേത്രത്തില്‍ നിന്നും വാങ്ങി വീ‍ടുകളില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം കൂടുമെന്ന വിശ്വാസവും ഉണ്ട്.

പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ അനന്തശയനം, ലക്ഷ്മി, താടക, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷി തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ വരയ്ക്കും. ഇത്തരം എട്ടുവില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ചാര്‍ത്തുന്നത്. മിഥുന മാസാവസാനത്തില്‍ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിര്‍മ്മാണം തുടങ്ങുന്നത്.

നിര്‍മ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകള്‍ തിരുവോണദിനത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളില്‍ രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാര്‍ത്തുന്നു. ആറുവില്ലുകള്‍ നരസിംഹം, ശ്രീരാമമൂര്‍ത്തി, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളിലും ചാര്‍ത്തുന്നു.

തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകള്‍ക്കുശേഷം വില്ലുകള്‍ അടുത്ത ദിവസം കൊട്ടാരത്തിലെ പൂജാമുറിയിലേക്ക് കൊണ്ടുപോകും. ഈ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഓണവില്ലുകള്‍ കാണാം. പത്മനാഭപുരം കൊട്ടാരത്തില്‍ ഓണവില്ലുകളുടെ ശേഖരം നേരിട്ടുകാണാം.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :