മഴയേപ്പറ്റി നിരക്ഷരന്‍ പറയുന്നത്...

എന്‍റെ മഴ ഗ്രൂപ്പ്

Niraksharan
WEBDUNIA|
PRO
ബ്ലോഗിംഗിനും ട്രാവല്‍ ബ്ലോഗിംഗിനും അനന്ത സാധ്യതകള്‍ ഉണ്ടെന്നു കണ്ടെത്തിയ നിരക്ഷരനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ! സ്വദേശത്തും വിദേശത്തും ആയി ഒട്ടനവധി യാത്രകള്‍ നടത്തുകയും അവയൊക്കെ കാവ്യാത്മകമായി വായനക്കാര്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുന്ന നിരക്ഷരനെ കേരളത്തിന്റെ സ്വന്തം "ഇയാന്‍ റൈറ്റ്" എന്ന് വിളിക്കാനാണ് ഞങ്ങള്‍ക്കിഷ്‌ടം.

മലയാളിയുടെ മുറ്റത്തല്ല, മനസിലാണ് പെയ്യുന്നത്. കാലവര്‍ഷവും തുലാവര്‍ഷവും അതുകൊണ്ട് തന്നെ മറക്കാനാവാത്ത അനുഭവം ആണ് ഏത് മലയാളിയെ സംബന്ധിച്ചിടത്തോളവും. തികഞ്ഞ മഴസ്നേഹി ആയ നിരക്ഷരന്‍, അല്‍പനേരം സംസാരിക്കണമെന്ന ഞങ്ങളുടെ ആഗ്രഹത്തെ തികഞ്ഞ മനസോടെ സ്വീകരിക്കുകയും വിലയേറിയ സമയം അതിനായി മാറ്റിവെയ്ക്കുകയും ചെയ്തു. സ്ഥിരമായി നിരക്ഷരന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്ന പ്രവാസികളും തദേശീയരുമായ ബ്ലോഗ്‌ വായനക്കാര്‍ക്കും യാത്രസ്നേഹികള്‍ക്കും മഴപ്രേമികള്‍ക്കും ഈ സംഭാഷണം "എന്റെ മഴ" (ഫേസ്‌ബുക്ക് ഗ്രൂപ്പ്) സമര്‍പ്പിക്കുന്നു.

ആദ്യം പേരില്‍ നിന്ന് തന്നെ തുടങ്ങാം. എന്തുകൊണ്ടാണ് നിരക്ഷരന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണം?

ബ്ലോഗിംഗ് തുടങ്ങുന്ന കാലത്ത് എനിക്ക് സ്ഥിരമായി മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുമായിരുന്നു. മലയാളം ടൈപ്പിംഗ്‌ സപ്പോര്‍ട്ട് ചെയ്യാത്ത ടൈപ്പിംഗ്‌ സിസ്റ്റം ആയിരുന്നല്ലോ അന്നുണ്ടായിരുന്നത്‌. സ്ഥിരമായി അക്ഷരത്തെറ്റ് സംഭവിക്കുന്നതുകൊണ്ട്‌ ആണ് നിരക്ഷരന്‍ എന്ന പേര് സ്വീകരിച്ചത്.

ആദ്യയാത്രയെ പറ്റി പറയാമോ?

എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ ഒരു സൌത്ത് ഇന്ത്യന്‍ ട്രിപ്പിന് ഞങ്ങള്‍ കുറച്ചു വിദ്യാര്‍ഥികള്‍ പോയി. അതായിരുന്നു എന്റെ യാത്രാ സ്നേഹത്തിന് ആക്കം കൂടിയത്.

ഭാരതത്തിനു പുറത്തേക്കുള്ള യാത്ര?

ജോലി കണ്ടെത്തുന്നതിന്റെ ഭാഗമായും അല്ലാതെയും സിം‌ഗപ്പൂര്‍, ദുബായ് ഉള്‍പ്പെടെ കുറെ സ്ഥലങ്ങള്‍ സന്ദര്‍‌ശിക്കേണ്ടി വന്നിട്ടുണ്ട്. പില്‍ക്കാലത്ത് യുറോപ്പ് സന്ദര്‍ശിക്കുകയും കുറച്ചു കാലം ലണ്ടനില്‍ താമസിക്കുകയും ചെയ്തു.

ഇത്രയൊക്കെ രാജ്യങ്ങളും സ്ഥലങ്ങളും സന്ദര്‍ശിച്ചതില്‍ കേരളത്തിന്‌ പുറത്തുവച്ച് അനുഭവിച്ച മഴയാണോ ഇവിടുത്തെ മഴയാണോ കൂടുതല്‍ ഇഷ്‌ടപ്പെട്ടത് ?

എന്തൊക്കെ പറഞ്ഞാലും പുറത്തെ മഴയോട് ഒരു അപരിചിത ഭാവം തോന്നാറുണ്ട്. നമ്മുടെ മഴ എവിടെ പോയാലും മനസ്സില്‍ ഓടിവരും. അതിനെ മറക്കാന്‍ കഴിയുമോ? എനിക്ക് തോന്നുന്നു നമ്മുടെ മഴയ്ക്ക്‌ വിവിധ ഭാവങ്ങള്‍ ഉണ്ടെന്ന്‌. ഇടയ്ക്ക് പെയ്തും ചിണുങ്ങിയും വരുന്ന നമ്മുടെ മഴ എപ്പോഴും നൊസ്റ്റാള്‍‌ജിക് ആണ്. എന്നാല്‍ ഗള്‍ഫില്‍ മരങ്ങള്‍ കുറവായതുകൊണ്ട് മഴയുടെ സൌന്ദര്യം അധികം അനുഭവപ്പെടാറില്ല.

മഴ പെയ്യുന്ന ഒരു സായാഹ്നം, ബാക്ക്‌ഗ്രൌണ്ടില്‍ നല്ല മനോഹര സംഗീതവും ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ നിരക്ഷരന്‍ ആരെയാണ് ആദ്യം ഓര്‍ക്കുക?

കുടുംബം എപ്പോഴും കൂടെ ഉള്ളതുകൊണ്ട് ഞാന്‍ സുഹൃത്തുക്കളെയാണ് ആദ്യം ഓര്‍ക്കാറ്‌.

ചന്നം പിന്നം മഴ പെയ്യുന്നത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ നിരക്ഷരന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്താണ് ?

വട!

നഗരങ്ങളിലെ മഴയാണോ ഗ്രാമത്തിലെ മഴയാണോ കൂടുതല്‍ ഇഷ്ടം?

ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ മഴയാണ് എനിക്ക് ആദ്യം ഓര്‍മ വരുന്നത്. നഗരത്തിലെ ഫ്ലാറ്റുകള്‍ക്ക് മുകളില്‍ പെയ്യുന്ന മഴ അത്ര ആസ്വദിക്കാന്‍ കഴിയുന്നില്ല. അപ്പോഴൊക്കെ കുട്ടിക്കാലത്തെ മഴയാണ് മനസ്സില്‍ വരുന്നത്. പദ്മരാജന്‍ സിനിമകളിലെ മഴയെ കുറിച്ച് മാത്രം ഞങ്ങള്‍ കൂട്ടുകാര്‍ എത്രമാത്രം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നോ!

തൂവാനത്തുമ്പികള്‍ സിനിമയില്‍ ജയകൃഷ്ണന്‍ ക്ലാരയെ കാണുമ്പോഴൊക്കെയും മഴ അവിടെ സജീവ സാന്നിധ്യമാണ്. നിരക്ഷരന്റെ ജീവിതത്തില്‍ ഇതുപോലെ എപ്പോഴെങ്കിലും മഴ അറിയാതെ വന്നിട്ടുണ്ടോ ?

എന്റെ യാത്രകളിലെല്ലാം മഴ വിളിക്കാതെ എത്തുന്ന ഒരു സഹയാത്രികനാണ്. തുടങ്ങുമ്പോഴൊക്കെ മഴ ഉണ്ടാവാറില്ലെങ്കിലും യാത്രാമധ്യേ മഴ സാന്നിധ്യം അറിയിക്കാറുണ്ട്.

എന്റെ മഴ എന്ന എഫ് ബി ഗ്രൂപ്പിനെ എങ്ങനെ കാണുന്നു?

ആദ്യം ക്ഷണം കിട്ടിയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചില്ല എന്നുള്ളത് സത്യമാണ്. പൊതുവേ ഞാന്‍ സമയപരിമിതി മൂലം ഫേസ്ബുക്ക് കുറച്ചു മാത്രമേ നോക്കാറുള്ളൂ. നിങ്ങളുടെ ഈ ആശയത്തിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍‌ക്ക് മഴവെള്ള സംഭരണം ഉള്‍‌പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പ്രചരിപ്പിക്കുവാന്‍ സാധിക്കും. മഴസ്നേഹികളെ ഒരുമിച്ചു കൂട്ടാനുള്ള ഈ നീക്കത്തെ ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു.

ഇടയ്ക്ക് നിന്ന് പോയിരുന്ന മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു, ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. നടന്നു നീങ്ങുന്ന നിരക്ഷരനെ നോക്കി കൂട്ടത്തിലാരോ പറഞ്ഞു, ഇദ്ദേഹം കേരളത്തിന്റെ "ഇയാന്‍ റൈറ്റ്" തന്നെ. ഒരു യാത്ര മാഗസിന്‍ വായിച്ച പ്രതീതി!

മഴ സ്നേഹികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിവച്ച മഴ സ്നേഹികളുടെ ഓണ്‍‌ലൈന്‍ ഗ്രൂപ്പാണ് ‘എന്റെ മഴ’. അഭിലാഷ് രാമചന്ദ്രന്‍, എഡ്വിന്‍ ഡേവിഡ് സാം, ജിതിന്‍ ശ്രീധര്‍, രാജേഷ് മോഹന്‍ തുടങ്ങിയ ചെറുപ്പക്കാര്‍ തുടങ്ങിവച്ച ഈ ഗ്രൂപ്പില്‍ പ്രശസ്ത സംവിധായകന്‍ സന്തോഷ് ശിവന്‍ തൊട്ട് ബ്ലോഗര്‍ നിരക്ഷരന്‍ വരെയുള്ളവര്‍ സന്ദര്‍ശിക്കാറുണ്ട്. നാനൂറിലധികം അംഗങ്ങള്‍ ഉള്ള ഈ ഗ്രൂപ്പ് മഴ സ്നേഹികളുടെ ഇഷ്ട ഗ്രൂപ്പാണ്. മഴച്ചിത്രങ്ങള്‍, മഴക്കവിത, മഴക്കാല പാചകം തുടങ്ങി മഴയെ പറ്റിയുള്ള വിഭവങ്ങളാണ് ഈ ഗ്രൂപ്പിന്റെ താളുകളില്‍ നിറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :