വായനയ്ക്ക് 2009 സമ്മാനിച്ച പുസ്തകങ്ങള്‍

WEBDUNIA|
PRO
വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഓര്‍മകള്‍ ബാക്കിവച്ചുകൊണ്ട് ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍ മലയാ‍ള സാഹിത്യരംഗത്തിന് 2009 നല്‍‌കിയ സംഭാവനകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയെ പരിചയപ്പെടുത്തുകയാണിവിടെ. 2009-ലെ ശ്രദ്ധേയമായ ഒരുപിടി പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നു.

ആമേന്‍
(രചയിതാവ് - സിസ്‌റ്റര്‍ ജെസ്‌മി, വിഭാഗം - ആത്മകഥ)

ഏറ്റുപറച്ചിലുകളും, വെളിപ്പെടുത്തലുകളും മറയില്ലാതെ പൊതുസമൂഹത്തിനു തുറന്നുകൊടുത്ത സിസ്‌റ്റര്‍ ജെസ്‌മിയുടെ 'ആമേന്‍' ആണ്‌ 2009 ലെ ബെസ്‌റ്റ് സെല്ലര്‍. 30 വര്‍ഷത്തെ സന്യസ്‌ത ജീവിതത്തില്‍ മതില്‍ക്കെട്ടിനുള്ളില്‍ തനിക്കനുഭവിക്കേണ്ടിവന്ന കഷ്‌ടതകളും ഒപ്പം സന്ന്യസ്‌ത ജീവിതത്തിലെ പരിമിതികളുമായിരുന്നു ആമേനിലെ പ്രമേയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ വില 100 രൂപ.

പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ
(രചയിതാവ് - ടി‌പി രാജീവന്‍, വിഭാഗം - നോവല്‍)

ഒരു ദേശം മാരകവിഷത്തിന്‌ ഇരയാകുന്നതിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ഇടപെടലുകളെയും ഈ പുസ്തകം അടയാളപ്പെടുത്തുന്നു. ജനകീയ പ്രതിരോധ ജാഗ്രത പടുത്തുയര്‍ത്തുന്നതില്‍ നാഴികക്കല്ലാകുന്ന പുസ്തകാണിതെന്ന് നിരൂപകര്‍. ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് 110 രൂപയാണ് വില.

എന്‍മകജെ
(രചയിതാവ് - അംബികാസുതന്‍ മാങ്ങാട്, വിഭാഗം - നോവല്‍)

അരനൂറ്റാണ്ടു മുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചില നിഗൂഡസത്യങ്ങളിലേക്കെത്തുന്നതാണ് ഈ കൃതി‍. മാതൃഭുമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന നോവലിന്റെ പുസ്‌തകരൂപം. തൃശൂര്‍ കറന്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിക്ക് 170 രൂപയാണ് വിലയിട്ടിരിക്കുന്നത്.

ഹരിതദര്‍ശനം
(രചയിതാവ് - ജോണ്‍ സി ജേക്കബ്ബ്, വിഭാഗം - ആത്മകഥ)

പ്രശസ്‌ത പരിസ്ഥിതി ആചാര്യന്‍ ജോണ്‍ സി ജേക്കബ്ബിന്റെ സംഭവബഹുലമായ ആത്മകഥ. ഭാവിയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. പ്രകൃതിയിലര്‍പ്പിതമായ ജീവിതം മുന്നോട്ടു നയിച്ച ജോണ്‍സിയുടെ ഈ ആത്മകഥയില്‍ ജീവിതത്തിന്റെ ഹരിതാഭ നിറഞ്ഞ് നില്ക്കുന്നു. മാതൃഭൂമി ബുക്ക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 100 രൂപ.

ഭഗവദ്ഗീത പലകാലം പലകാഴ്ചകള്‍
(രചയിതാവ് - സോമശേഖരന്‍ [സമാഹരണം], വിഭാഗം - ലേഖനങ്ങള്‍)

ഭഗവദ്ഗീതാ വ്യാഖ്യാനങ്ങളുടെയും ഗീതാപഠനങ്ങളുടെയും സമാഹാരമാണ് 'ഭഗവദ്ഗീത പലകാലം പലകാഴ്ചകള്‍’ എന്ന ഈ പുസ്തകം. ഭഗവദ്‌ഗീതയുടെ എല്ലാ വശങ്ങളും കാണാന്‍ ഈ പുസ്തകം ശ്രമിക്കുന്നുവെന്നും ഭഗവദ്ഗീതയുടെ പാഠ്യാന്തര ജീവിതത്തിന്റെ ചരിത്രമാണ് ഈ പുസ്തകമെന്നും നിരൂപകര്‍. സൈന്‍ ബുക്ക്‌സാണ് പ്രസാധകര്‍.

വെള്ളരിപ്പാടം
(രചയിതാവ് - പിവി ഷാജികുമാര്‍, വിഭാഗം - കഥാസമാഹാരം)

ലാഭ നഷ്ടങ്ങളുടെ അളവു കോലുകളില്‍ അളക്കുന്ന സമകാലിക ജീവിതത്തെ അപേക്ഷിച്ച് ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകള്‍. ആധുനികതയുടെ നാട്യങ്ങളില്ലാതെ ലാളിത്യമാര്‍ന്ന ഭാഷയില്‍ നാഗരിക ജീവിതത്തിന്‍റെ കാപട്യങ്ങളെ തുറന്നുകാട്ടുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ വില 55 രൂപ.

ആടിയാടി അലഞ്ഞ മരങ്ങളേ
(രചയിതാവ് - അന്‍‌വര്‍ അലി, വിഭാഗം - കവിത)
കോരിത്തരിപ്പിന്റെ രൂപകങ്ങളിലേക്കോ വാഗ്‌വിലാസത്തിന്റെ മലര്‍‌ശയ്യയിലേക്കോ മൂലദ്രാവിഡത്തിന്റെ മുലകളുന്തിയ ചുരങ്ങളിലേക്കോ വഴുക്കാതെ, അടിപറിഞ്ഞ നിശബ്ദ താരാവലികളുമായി ഒരു കവിതയും കവിതകളുമെന്ന് നിരൂപകര്‍. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ വില 45 രൂപ.

പച്ചവിരല്‍
(രചയിതാവ് - ദയാബായി, വിഭാഗം - ആത്മകഥ)

ഗോത്രവര്‍ഗത്തിന്റെ ഉന്നമനത്തിനായി സന്ന്യസ്‌ത ജീവിതത്തിന്റെ മേലങ്കിവേണ്ടെന്നുവച്ച്‌ ഇറങ്ങിപ്പോന്ന ദയാഭായിയുടെ ആത്മകഥയാണിത്. കര്‍മ്മത്തിന്റെ പച്ചവിരല്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നമ്മെ മുന്നിലേക്ക് വഴി നടത്തുന്നൊരു കൃതിയാണിതെന്ന് നിരൂപകര്‍. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ വില 85 രൂപ.

കേരള ചരിത്രത്തിന്റെ നാട്ടുവഴികള്‍
(രചയിതാക്കള്‍ - എന്‍‌എം നമ്പൂതിരി & പി‌കെ ശിവദാസ്, വിഭാഗം - ചരിത്രം)
സ്വന്തം നാട്ടുവഴികളിലൂടെ സഞ്ചരിച്ചാലും ചരിത്രത്തെ എത്തിപ്പിടിക്കാന്‍ ആകുമെന്ന് തെളിയിക്കുന്ന കൃതി. പ്രാദേശിക ചരിത്രത്തിന്റെ സൂക്ഷ്മതലങ്ങള്‍ക്ക് ജീവന്‍ നല്‍‌കുന്ന കൃതിയെന്ന് നിരൂപകര്‍ ഇതിനെ വാഴ്ത്തുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 275 രൂപയാണ് വിലയിട്ടിരിക്കുന്നത്.

ഫ്രാന്‍സിസ് ഇട്ടിക്കോര
(രചയിതാവ് - ടി.ഡി.രാമകൃഷ്ണന്‍, വിഭാഗം - നോവല്‍)

അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിര്‍ദയമായ രസകേളികളില്‍ ഏര്‍പ്പെടുന്നത്‌ വെറും വൈരുധ്യത്തിന്റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്റെ ദുസ്സൂചനകൂടിയാണ് ഫ്രാന്‍സിസ്‌ ഇട്ടിക്കോര. മലയാളി വായനക്കാരുടെ ഉറക്കം കെടുത്താനുള്ള പ്രഹരശേഷി ഉള്‍ക്കൊള്ളുന്ന നോവലാണിതെന്ന് നിരൂപക പ്രശംസ. ഡിസി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 150 രൂപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :