അസുഖമെന്ന് ബിനോയി കോടിയേരി; ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകിയില്ല

അടുത്ത തിങ്കളാഴ്ച്ച ഹാജരാകുമ്പോള്‍ രക്തസാംപിള്‍ നല്‍കണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു.

Last Updated: തിങ്കള്‍, 15 ജൂലൈ 2019 (13:46 IST)
പീഡനക്കേസില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്നില്ല. അസുഖമായതിനാല്‍ ഇന്ന് രക്തസാംപിള്‍ നല്‍കാന്‍ കഴിയില്ലെന്ന് ബിനോയി അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. അടുത്ത തിങ്കളാഴ്ച്ച ഹാജരാകുമ്പോള്‍ രക്തസാംപിള്‍ നല്‍കണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു.

രാവിലെ 11.30ഓടെ സ്റ്റേഷനിലെത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ അര മണിക്കൂര്‍ ചോദ്യം ചെയ്തു. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി അഭിഭാഷകനൊപ്പമാണ് ബിനോയി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അസുഖമാണെന്നും അതിനാല്‍ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ചു.

ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.

കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ സംഘം തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ കൈമാറണമെന്ന് കോടതിയും ബിനോയ് കോടിയേരിയോട് നിര്‍ദേശിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :