ഗര്‍ഭകാലത്തേ ഉറക്കം ഒരു പ്രശ്നമാണോ?

VISHNU.NL| Last Updated: ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (17:59 IST)
അമ്മ എന്ന പദം ഒരു സ്ത്രീയുടെ പൂര്‍ണ്ണതയേ കുറിക്കുന്ന പദമാണ്. അമ്മയാകുക എന്നാല്‍ അവള്‍ അനുഗൃഹീതയാകുക എന്നതുകൂടിയാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഗര്‍ഭകാലത്തേക്കുറിച്ച് കാലം കഴിയുംതോറും സ്ത്രീകള്‍ക്ക് ഉത്കണ്ഠ കൂടിവരുന്നതായാണ് കാണുന്നത്. ഇതിനൊരു പ്രധാന കാരണം കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയാണ്. അണുകുടുംബങ്ങളില്‍ അനുഭവ സമ്പത്തുള്ള പ്രായമായവരുടെ അഭാവമാ‍ണ് ഇത്തരം കുഴപ്പങ്ങള്‍ക്കു കാരണം.

മനംപിരട്ടല്‍, ഉറക്കക്കുറവ്, കൈകാല്‍കഴപ്പ്, ക്ഷീണം തുടങ്ങി ഗര്‍ഭിണികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഭാര്യയും ഭര്‍ത്താവും തനിച്ച് താമസിക്കുന്ന ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ കൂടിയാകുമ്പോള്‍ ആശങ്ക പിന്നേയും വര്‍ദ്ധിക്കുന്നു. ഗര്‍ഭധാരണത്തിന്റെ ആദ്യത്തേ മൂന്ന് മാസങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ ഈ കാലയളവില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതിനാല്‍ ശാരീരികമായും മാനസികമായും ഈ സമയങ്ങളില്‍ നിരവധി അസ്വസ്ഥതകള്‍ ഉണ്ടാകും.

ആദ്യമൂന്ന് മാസങ്ങളില്‍ സാധരണ ഉറങ്ങുന്ന സമയത്തേക്കാള്‍ അധികം ഉറക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പകല്‍സമയത്തും ശരീരം ഉറങ്ങാന്‍ ആവശ്യപ്പെട്ടെന്നിരിക്കും. പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉയര്‍ന്നതോതിലുളള ഉല്‍പാദനമാണ് ഇതിനുളള പ്രധാനകാരണം. എന്നാല്‍ പിന്നീടുള്‍ല മാസങ്ങളില്‍ പലരും ഉറക്കക്കുറവ് നേരിടുന്നതായി കാണുന്നു. ആദ്യമായി അമ്മയാകാന്‍ ഒരുങ്ങുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്.

ഇത് ഒരുതരം മാനസികാവസ്തയാണ്. താന്‍ ഒരു അമ്മയാകന്‍ പോകുന്നു അതിന്റെ ഉത്തരവാദിത്തങ്ങള്‍ എന്നിവ അവളെ കൂടുതല്‍ ആശങ്കാകുലയാക്കുന്നതിന്റെ സൂചനകളാണിത്. എന്നാല്‍ ഗര്‍ഭവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതേ സമയം മാസം ചെല്ലുന്തോറും വളര്‍ന്നു വരുന്ന ഗര്‍ഭസ്ഥ ശിശുവും അതോടൊപ്പം വളരുന്നവയറും ഉറക്കത്തിന് വിഘാതമാകുന്നുണ്ട്.

ഇതിന് പരിഹാരമായി ഉറങ്ങുമ്പോള്‍ സുഖകരമായ പൊസിഷനുകള്‍ സ്വീകരിക്കുന്നതാണ് ഉചിതം. എന്നാല്‍ ഗര്‍ഭം വളരുന്നതിനാല്‍ ശരീരത്തില്‍ കൂടുതലായി രക്തം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം മൂത്രത്തിന്റെ അളവും വര്‍ദ്ധിക്കുന്നു. കൂടാതെ മൂത്ര സഞ്ചിയില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന മര്‍ദ്ദവും മൂലം തുടരെ തുടരെയുളള മൂത്രശങ്കക്ക് കാരണമാകുന്നുണ്ട്. ഇത് ഉറക്കത്തിനെ ഭംഗപ്പെടുത്തുന്നതാണെങ്കിലും കാലക്രമേണെ ഇതുമായി പൊരുത്തപ്പെടുന്നതിനാല്‍ പ്രശ്നമായി അനുഭവപ്പെടാറില്ല.

മലര്‍ന്നു കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലര്‍ന്നുകിടന്നുറങ്ങുന്നത് പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ താറുമാറിലാക്കുക എന്നീ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. മാത്രമല്ല രക്തയോട്ടം കുറക്കുന്നതിനും കാരണമാകുന്നു. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ ഭാരം മുഴുവനും കുടലുകളിലേക്കും പ്രധാനപ്പെട്ട രക്തധമനികളിലേക്കും കേന്ദ്രീകരിക്കുന്നതാണ് ഇതിനുളള കാരണങ്ങള്‍.

ഇടത്തോട്ട് ചെരിഞ്ഞുകിടന്നുറങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ഇതുവഴി പ്ലസന്റയിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷണം ലഭിക്കാന്‍ ഇടയാക്കും. കാലുകള്‍ക്കിടയില്‍ തലയിണ വക്കുന്നതും നല്ലതാണ്.ചിലര്‍ വയറിന് ഒരു സപ്പോര്‍ട്ടായും തലയിണകള്‍ വെക്കാറുണ്ട്. എന്തിരുന്നാലും ഗര്‍ഭിണികള്‍ നിര്‍ബന്ധമായും 8-10 മണിക്കൂറുകള്‍ ഉറക്കത്തിനായി നീക്കി വെക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അതുകൊണ്ട് ഉറക്കക്കുറവുളളവര്‍ എന്നും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം.

നെഞ്ചെരിച്ചില്‍, കാല്‍കഴപ്പ്, പുറംവേദന എന്നിവയും ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അധികം മസാല ചേര്‍ത്തഭക്ഷണ പദാര്‍ത്ഥങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് നെഞ്ചെരിച്ചില്‍ കുറക്കാന്‍ സഹായിക്കും. ചായ, കാപ്പി, സോഡ എന്നിവ ഉറക്കത്തിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കണം.

ആഹാരത്തില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കാല്‍ കഴപ്പ് ശരീര വേദന എന്നിവക്ക് ഒരു പരിധി വരെ ആശ്വാസം നല്‍കുന്നു.ആഹാരം അധികവും ദ്രവ്യരൂപത്തിലുളളതാകാനും ശ്രദ്ധിക്കണം. അത് മികച്ച ദഹനത്തിന് സഹായിക്കും. കൂടാതെ ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായമങ്ങള്‍ക്കായി നീക്കിവെക്കുന്നത് നന്നായിരിക്കും.

ഉറക്കം നന്നായി ലഭിക്കേണ്ടത് ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുവിന്റ്റേയും ആരോഗ്യത്തിന് അത്യന്താവശ്യമാണ്. അതിനാല്‍ ആശ്ങ്കകള്‍ എല്ലാം നീക്കി വച്ച് സുഖമായി ഉറങ്ങാന്‍ ശ്രമിക്കു. കാരണം പിറക്കാന്‍ പോകുന്ന കണ്മണി നിങ്ങളേപ്പോലെ ആയിരിക്കേണ്ടെ, അവള്‍ ആരോഗ്യവതിയാകേണ്ടെ?





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :