അത്ഭുതകാഴ്ചയായി ഇലവീഴാപൂഞ്ചിറ

PROPRO
പ്രകൃതി സൌന്ദര്യം കൊണ്ട് ലോകത്തിലെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തോടും കിടപിടിക്കുമെങ്കിലും കാര്യമായി ജനശ്രദ്ധയില്‍ വന്നിട്ടില്ലാത്ത വിനോദസഞ്ചാര ആകര്‍ഷണമാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപൂഞ്ചിറ.

പേര് സൂചിപ്പിക്കുന്നത് പോലെ ഇലകള്‍ പൊഴിയാറില്ല എന്നത് തന്നെയാണ് ഇവിടത്തെ പ്രത്യേകത; കാരണം നാല് മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയില്‍ ഒരു മരം പോലുമില്ല. എന്നാല്‍ തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു.

സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെ വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപൂഞ്ചിറ സമ്മാനിക്കുന്നത്. പ്രഭാതങ്ങളിലും സന്ധ്യാനേരത്തും സൂര്യകിരണങ്ങള്‍ ഇലവീഴാപൂഞ്ചിറയ്ക്ക് മീതെ മായിക പ്രഭ ചൊരിയുന്നു. ഇതും സഞ്ചാരികള്‍ക്ക് നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും. മഴക്കാലത്ത് ശൂന്യതയില്‍ നിന്നെന്ന പോലെ രൂപമെടുക്കുന്ന ഒരു തടാകവും ഈ താഴ്വരയുടെ പ്രത്യേകതയാണ്.

ഇലവീഴാപൂഞ്ചിറയിലെ ട്രെക്കിങ്ങും ആനന്ദകരമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

കൊച്ചിയാണ് ഏറ്റവുമടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ കോട്ടയവും ബസ് സ്റ്റാന്‍ഡ് തൊടുപുഴയുമാണ്. പാലയില്‍ നിന്ന് ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.

കോട്ടയം ജില്ലയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഇലവീഴാപൂഞചിറ. എന്നാല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :