നായകന്‍, വില്ലന്‍ പിന്നെ രസികന്‍

നടന്‍ ജനാര്‍ദ്ദനന്‍റെ പിറന്നാള്‍ മെയ് 15ന്

Janaaradhanan
FILEFILE
ആദ്യം കൊടിയ വില്ലന്‍. പിന്നെ ചിരിപ്പിക്കുന്ന രസികന്‍.

ജനാര്‍ദ്ദനന്‍ എന്ന നടന്‍റെ കരിയര്‍ ഗ്രാഫ് സംഭവബഹുലമാണ്. ചിരിയുടെ നേര്‍ത്ത പാളിയില്‍ സ്വയമൊളിച്ച സ്വഭാവനടനാണ് ഇന്ന് ജനാര്‍ദ്ദനന്‍.

സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്ന ജനാര്‍ദ്ദനന്‍ എന്ന നടനെ ഇന്ന് സ്ത്രീകള്‍ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവുമാണ്.

സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ. മധു ചിത്രം നല്‍കിയ പുതിയ പരിവേഷം ജനാര്‍ദ്ദനന് വഴിത്തിരിവായിസാധാരണ ചിരിവേഷങ്ങളില്‍ മാത്രമൊതുങ്ങുന്നില്ല എന്ന് കെ. മധുവിന്‍റെ തന്നെ ക്രൈം ഫയലില്‍ കൂടി അടുത്തിടെ അദ്ദേഹം തെളിയിച്ചതാണ്.

വൈക്കം ഉല്ലല ഗ്രാമത്തില്‍ കൊല്ലറക്കാടു വീട്ടില്‍ കെ. ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും എട്ടു മക്കളില്‍ ഇളയതായി 1946 മെയ് 15ന് ജനാര്‍ദ്ദനന്‍ ജനിച്ചു. 2006 ല്‍ അദ്ദേഹത്തിന്‍' 60 കഴിഞ്ഞു.

മുപ്പത് വര്‍ഷമായി അഭിനയരംഗത്തുള്ള ജനാര്‍ദ്ദനന്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയിലെ മഹാദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനായത്.

വെച്ചൂര്‍ എന്‍.എസ്.എസ് ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.

പിന്നീട് ചങ്ങനാശേരി എന്‍.എസ്.എസ്. കോളജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് ചേര്‍ന്നു. ആ വര്‍ഷം പരീക്ഷ എഴുതിയില്ല. തുടര്‍ന്ന് എയര്‍ഫോഴ്സില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തെ ട്രെയിനിങ് കഴിഞ്ഞ് വ്യോമസേന വിട്ടു.

നാട്ടില്‍ തിരിച്ചെത്തി ബിസിനസില്‍ ശ്രദ്ധിച്ചു. അതിനിടെ പ്രീയൂണിവേഴ്സിറ്റി പാസായി. തീരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ സോഷ്യാളജി ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല.

പിന്നീട് ധനുവച്ചപുരം എന്‍.എസ്.എസ്. വേലുത്തമ്പി മെമ്മോറിയല്‍ കോളജില്‍ നിന്ന് ബി.കോം പാസായി. ഇവിടെ വച്ച് ശ്രീവരാഹം ബാലകൃഷ്ണനുമായി പരിചയപ്പെടുകയും അദ്ദേഹം വഴി അടൂരുമായി അടുക്കുകയും ചെയ്തു.

കുടുംബാസൂത്രണത്തെപ്പര്റി നിര്‍മ്മിച്ച പ്രതിസന്ധി എന്ന ഡോക്യുമെന്‍ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചു കൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ഇതിനിടയില്‍ പറവൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ ക്ളാര്‍ക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി.

കുറെനാള്‍ മലയാളനാട് വാരികയില്‍ സങ്കല്പത്തിലെ ഭര്‍ത്താവ് എന്ന പംക്തി കൈകാര്യം ചെയ്തു. പിന്നീട് എസ്.കെ. നായരുടെ മദ്രാസിലെ ബിസിനസ് നോക്കി നടത്തി.

അവിടെവച്ച് കെ.എസ്. സേതുമാധവന്‍റെ ആദ്യത്തെ കഥ എന്ന ചിത്രത്തില്‍ പ്രേംനസീറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് ഗായത്രി, ചായം, മോഹം തുടങ്ങിയ ഒരു പിടിചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഗോവിന്ദന്‍കുട്ടി, ജോസ്പ്രകാശ്, കെ.പി. ഉമ്മര്‍ തുടങ്ങിയ പക്കാ വില്ലന്മാര്‍ സ്വഭാവവേഷങ്ങളിലേയ്ക്ക് കടന്നപ്പോള്‍ ജനാര്‍ദ്ദനന്‍ സിനിമയിലെ സ്ഥിരം വില്ലനായി.

ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് മുതല്‍ ജനാര്‍ദ്ദനന്‍റെ ജൈത്രയാത്ര തുടങ്ങി. ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി. ഉണ്ണികൃഷ്ണന്‍, വാര്‍ധക്യപുരാണം, അനിയന്‍ബാവ ചേട്ടന്‍ബാവ, മാന്നാര്‍ മത്തായി സ്പീക്കിങ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

WEBDUNIA|
ഭാര്യ വിജയലക്ഷ്മിഅന്തരിച്ചു.. മക്കള്‍ : രമാരഞ്ജിനി, ലക്ഷ്മി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :