പൊതിച്ചോറ് കട്ടുതിന്നുന്ന മോഹന്‍ലാല്‍!

WEBDUNIA|
PRO
മോഹന്‍ലാലിന് വ്യത്യസ്തമായ പുതിയ കഥാപാത്രം. വിശപ്പ് സഹിക്കാനാകാതെ വിദ്യാര്‍ത്ഥികളുടെ പൊതിച്ചോറ് കട്ടുതിന്നുന്ന അധ്യാപകന്‍. പ്രാരാബ്‌ധവും പട്ടിണിയും തളര്‍ത്തിയ അധ്യാപകനായി ലാല്‍ അഭിനയിക്കുന്നത് രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘ഒന്നാം സാര്‍’ എന്ന സിനിമയിലാണ്.

കാസനോവയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഈ ഓഫ് ബീറ്റ് ചിത്രത്തിലാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നടനുമായ കെ ബി വേണുവാണ് ഒന്നാം സാറിന് തിരക്കഥ രചിക്കുന്നത്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘പൊതിച്ചോറ്’ എന്ന കഥയാണ് ഈ സിനിമയ്ക്ക് ആധാരമാക്കുന്നത്.

അടുത്തകാലത്തായി ബിഗ് ബജറ്റ് സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്ന മോഹന്‍ലാല്‍ ഒന്നാം സാറിലൂടെ ഒരു കളം‌മാറ്റത്തിനും തുടക്കമിടുകയാണ്. നല്ല പ്രമേയങ്ങളുള്ള ചെറിയ ചിത്രങ്ങളിലും ഇനിമുതല്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ സഹകരിക്കും.

ഛായാ ഫിലിംസ് നിര്‍മ്മിക്കുന്ന ഒന്നാം സാറിലെ മറ്റ് താരങ്ങളെ നിശ്ചയിച്ചുകൊണ്ടിരിക്കുന്നു. കാവേരി, അഹം, പകല്‍ നക്ഷത്രങ്ങള്‍ എന്നീ സിനിമകളാണ് മോഹന്‍ലാലിനെ നായകനാക്കി രാജീവ് നാഥ് ഒരുക്കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :