പുതുക്കാട് ഗ്രൂപ്പ് പോര് ശക്തം

പുതുക്കാട്| WEBDUNIA| Last Modified ബുധന്‍, 2 ഏപ്രില്‍ 2014 (15:14 IST)
PTI
പുതുക്കാട്‌ മണ്ഡലത്തില്‍ ഗ്രൂപ്പ്‌ പോരില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടമായിട്ടും ഗ്രൂപ്പ്‌ വഴക്ക്‌ കാരണം പല നേതാക്കളും പ്രചരണ രംഗത്ത്‌ ഇതുവരെ സജീവമായിട്ടില്ല. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ്‌ പോര്‌ കാരണം യുഡിഎഫിലെ മറ്റ്‌ കക്ഷികളും കടുത്ത സമ്മര്‍ദ്ദത്തിലാണ്‌.

എ ഗ്രൂപ്പുകാരനായ ജോസഫ്‌ ടാജറ്റിന്റെ ഗ്രൂപ്പും പഴയ എ ഗ്രൂപ്പ്‌ തലവനും ഇപ്പോള്‍ വിമത എഗ്രൂപ്പുകാരനുമായ കെ. പി. വിശ്വനാഥന്‍ ഗ്രൂപ്പും തമ്മിലാണ്‌ പ്രധാന പോര്‍വിളി. മന്ത്രി സി. എന്‍. ബാലകൃഷ്ണനെ കൊട്ടും കുരവയുമായി എത്തിച്ച്‌ ഉദ്ഘാടനം നടത്തിയ പുതുക്കാട്‌ നിയോജകമണ്ഡലം കണ്‍വെന്‍ഷനിലാണ്‌ ഗ്രൂപ്പ്‌ പോരിന്റെ ആദ്യ പോര്‍വിളി മുഴങ്ങിക്കേട്ടത്‌.

ജോസഫ്‌ ടാജറ്റിനെ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാനായി പ്രഖ്യാപിക്കുവാനായിരുന്നു ഡിസിസിയുടെ തീരുമാനം. എന്നാല്‍ കെ. പി. വിശ്വനാഥന്‍ വിഭാഗത്തിന്റെ എതിര്‍പ്പുമൂലം ചെയര്‍മാനെ പ്രഖ്യാപിക്കാനാവാതെ യുഡിഎഫ്‌ കണ്‍വെന്‍ഷന്‍ പിരിയേണ്ടി വന്നു. അത്‌ യുഡിഎഫിനുള്ളില്‍ തന്നെ മുറുമുറുപ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ ജില്ലാനേതൃത്വം അതോടെ കെ. പി. വിശ്വനാഥന്‍ ഗ്രൂപ്പ്‌ പൂര്‍ണ്ണമായും ഗ്രൂപ്പിന്റെ ഇരയായി മാറുകയായിരുന്നു. അതിന്‌ അവര്‍ പകരം വീട്ടിയത്‌ കഴിഞ്ഞ ബുധനാഴ്ച നടന്ന മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടന ചടങ്ങിലാണ്‌. പത്മജ വേണുഗോപാല്‍ പങ്കെടുത്ത ചടങ്ങില്‍ നിന്നും കെ. പി. വിശ്വനാഥന്‍ ഗ്രൂപ്പ്‌ പൂര്‍ണ്ണമായും വിട്ടുനിന്നു.

തെരഞ്ഞെടുപ്പിന്‌ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ നേതാക്കളുടെ ഗ്രൂപ്പ്‌ കളിയില്‍ പതറി നില്‍ക്കുകയാണ്‌ യുഡിഎഫ്‌ നേതൃത്വം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :