ഒഴിവാക്കാന്‍ വാശിപിടിച്ചു , പിന്നെ കളിപ്പിച്ചു; പന്തിന്റെ കാര്യത്തില്‍ കോഹ്‌ലി ‘കളിച്ചു’ - പറഞ്ഞതെല്ലാം വിഴുങ്ങി!

  Rishabh Pant , world cup , virat kohli , dhoni , കോഹ്‌ലി , ഋഷഭ് പന്ത് , ഓസ്‌ട്രേലിയ , വിജയ് ശങ്കര്‍ , ലോകകപ്പ്
Last Modified ചൊവ്വ, 2 ജൂലൈ 2019 (15:16 IST)
ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രഫഷണലിസം കാത്തുസൂക്ഷിച്ച ടീമായിരുന്നു ഓസ്‌ട്രേലിയ. താരങ്ങളെ വളര്‍ത്തി ചാമ്പ്യന്‍ ടീമിനെ കെട്ടിപ്പെടുത്ത ടീം. ഏത് പ്രതിസന്ധിയിലും ജയം പിടിച്ചെടുക്കുന്ന ഒരു പിടി താരങ്ങളുള്ള നിര‍. റിസര്‍വ്വ ബെഞ്ചു പോലും അതിശക്തം.

പ്രഫഷണലിസത്തിന്റെ കരുത്ത് ഇന്നത്തെ ഇന്ത്യന്‍ ടീമിലും കാണം. ഒരു പിടി മികച്ച താരങ്ങള്‍, അവസരത്തിനായി മത്സരിക്കുന്ന യുവതാരങ്ങള്‍. എന്നാല്‍, ടീം സെലക്ഷനിലടക്കം വ്യക്തിഗത താല്‍പ്പര്യങ്ങളും രാഷ്‌ട്രീയവും കടന്നുവരുന്നുണ്ട്. അതിനുള്ള അവസാനത്തെ ഉദ്ദാഹരണമാകും ലോകകപ്പിലെ ഋഷഭ് പന്തിന്റെ സ്ഥാനം.

സൌരവ് ഗാംഗുലിയടക്കമുള്ളവര്‍ വാദിച്ചെങ്കിലും പന്തിന്റെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്‍ടര്‍മാരില്‍ ചിലര്‍ തയ്യാറായില്ല. ഭൂരിഭാഗം അംഗങ്ങളും യുവതാരത്തിനായി വാദിച്ചപ്പോള്‍ ഒന്ന് രണ്ട് അംഗങ്ങള്‍ പന്തിനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. ഈ ആവശ്യത്തിന് പിന്നില്‍ കളിച്ചത് ക്യാപ്‌റ്റന്‍ കോഹ്‌ലിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു.

നാടകീയ നീക്കത്തിനൊടുവില്‍ അമ്പാട്ടി റായുഡുവും പന്തും പുറത്തായി. പകരം വിജയ് ശങ്കറിനെ കാര്‍ത്തിക്കിനെയും
ടീമില്‍ ഉള്‍പ്പെടുത്തി. ശങ്കര്‍ ത്രീ ഡയമെന്‍ഷന്‍ താരമാണെന്നായിരുന്നു മുഖ്യ സെലക്‍ടര്‍ എം എസ് കെ പ്രസാദിന്റെ കണ്ടെത്തല്‍. ഇതോടെ പന്തും റായുഡുവും സ്‌റ്റാന്‍‌ഡ് ബൈ താരങ്ങളുമായി.

എന്നാല്‍, അപ്രതീക്ഷിതമായി ശിഖര്‍ ധവാന് പരുക്കേറ്റതോടെ പന്ത് ഇംഗ്ലണ്ടിലെത്തി. വൈകാതെ ടീമിന്റെ ഭാഗവുമായി. ഇവിടെയാണ് ട്വിസ്‌റ്റ് നടന്നത്. ശങ്കറിന് പരുക്കേറ്റതോടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പന്തിനെ നാലാമനാക്കി കളിപ്പിക്കേണ്ടി വന്നു കോഹ്‌ലിക്ക്. അതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ക്യാപ്‌റ്റന്‍ മറന്നു.

പതിനഞ്ച് അംഗ ടീമില്‍ ഉള്‍പ്പെട്ട ദിനേഷ് കാര്‍ത്തിക്കിനെ മറികടന്ന് പകരക്കാരനായി എത്തിയ പന്ത് ഗ്രൌണ്ടിലിറങ്ങി. ഓള്‍ റൌണ്ടറായി പരിഗണിക്കാവുന്ന രവീന്ദ്ര ജഡേജ പോലും പുറത്തിരിക്കുമ്പോഴാണ് ഈ മാറ്റം.

തീരുമാനം തെളിയിച്ചതോ, കാര്‍ത്തിക്കിനേക്കാള്‍ കേമന്‍ പന്താണെന്ന്. ഒടുവില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജാദവിന് പകരക്കാരനായിട്ടാണ് കാര്‍ത്തിക്കിന് അവസരം ലഭിച്ചത്. അപ്പോഴും തന്റെ സ്ഥാനത്തിന് ഇളക്കമില്ലാതെ പന്ത് ടീമില്‍ തുടര്‍ന്നു.

എന്തിനാണ് 15 അംഗ ടീമില്‍ നിന്ന് പന്തിനെ ആദ്യം ഒഴിവാക്കിയതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. സെലക്‍ടര്‍മാരിലെ രാഷ്‌ട്രീയവും വ്യക്തി താല്‍പ്പര്യങ്ങളും. പിന്നെ, കോഹ്‌ലിയുടെ ചില താല്‍പ്പര്യങ്ങളും. പക്ഷേ, ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളില്‍ കോഹ്‌ലിക്ക് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതെ പറ്റില്ലാത്ത അവസ്ഥയുമായി. താരങ്ങളുടെ പരുക്കും അതിന് കാരണമായി.

പന്ത് നാലാമനായതോടെ ഏകദിന ക്രിക്കറ്റിൽ നിർണായകമായ നാലാം നമ്പർ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട
ശങ്കറിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി. പാകിസ്ഥാനെതിരെ ബോള്‍ ചെയ്‌തെങ്കിലും പിന്നീട് കോഹ്‌ലി പന്ത് കൈമാറാന്‍ മടിച്ചു. പിന്നാ‍ലെ അഫ്‌ഗാനിസ്ഥാന്‍, വെസ്‌റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെ മോശം ബാറ്റിംഗും.

ഒടുവില്‍ പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പടിയിറങ്ങിയ ശങ്കറിന്റെ ഭാവി തുലാസിലാണ്. നാലാം നമ്പറില്‍ പന്ത് സ്ഥാനമുറപ്പിച്ച മട്ടിലാണ്. അല്ലെങ്കില്‍ ധവാന്‍ മടങ്ങിവരുമ്പോള്‍ രാഹുല്‍ നാലാമന്‍ ആകാനുള്ള സാധ്യതയും വിരളമാണ്. പന്തിന്റെ മാച്ച്‌ വിന്നിങ് ഇന്നിംഗ്‌സുകളാണ് ഇതിനു കാരണം.

ഇനിയൊരു സ്ഥാനം ടീമിലുണ്ടെങ്കില്‍ ഓൾറൗണ്ടര്‍ സ്ഥാനത്താണ്. ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലെ അപകടകാരിയായ താരത്തെ ഒഴിവാക്കുക എന്നത് സ്വാഭാവികമല്ല. കേദാര്‍ ജാദവിന് പകരമായി ടീമില്‍ എത്തുകയെന്നതും ബുദ്ധിമുട്ടാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :