‘എന്തിന് കൈയിൽ കൂടുതല്‍ പണം കരുതി ?; ശ്രീശാന്തിന്‍റെ പെരുമാറ്റം മോശമായിരുന്നു’; വിമര്‍ശനവുമായി സുപ്രീംകോടതി

IPL Case , sreesanth , team india , cricket , police , ഐപിഎല്‍ , ശ്രീശാന്ത് , സുപ്രീംകോടതി , പൊലീസ്
ന്യൂഡൽഹി| Last Updated: ബുധന്‍, 30 ജനുവരി 2019 (17:15 IST)
ഐപിഎല്‍ വാതുവയ്‌പ് കേസില്‍ വിലക്ക് നേരിടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ വിമർശിച്ച് സുപ്രീംകോടതി. ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും, എന്തിന് കയ്യിൽ ഇത്രയധികം പണം കരുതിയെന്നും കോടതി ചോദിച്ചു.

വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ൽ കുറ്റസമ്മതം നടത്തിയത് എന്തിനാണെന്ന ചോദിച്ച കോടതി ആജീവനാന്ത വിലക്ക് അഞ്ചു വർഷത്തെ വിലക്കാക്കി കുറയ്‌ക്കാന്‍ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഒരു അനാഥാലയത്തിന് നൽകാനാണ് കയ്യിൽ പണം കരുതിയതെന്നും പൊലീസ് മർദ്ദിച്ചതുകൊണ്ടാണ് കുറ്റം സമ്മതിച്ചതെന്നും യഥാർഥത്തിൽ ഐപിഎൽ കോഴയിൽ തനിക്ക് പങ്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്നും സമയം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.

ജസ്റ്റിസുമാരായ കെ എം ജോസഫ്, അശോക് ഭൂഷൺ എന്നിവരാണ് ഇന്ന് കേസ് പരിഗണിച്ചത്. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹർജി നൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :