രോഹിത് കടുപ്പിച്ചു പറഞ്ഞു, കോഹ്‌ലി അനുസരിച്ചു; ധോണി ഹീറോയായി - മെല്‍‌ബണില്‍ സംഭവിച്ചത് ഇതാണ്

  MS Dhoni , melbourne odi , rohit sharma , virat kohli , cricket , ധോണി , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , രോഹിത് ശര്‍മ്മ , ഇന്ത്യ , രവി ശാസ്‌ത്രി
മെല്‍‌ബണ്‍| Last Updated: ശനി, 19 ജനുവരി 2019 (12:06 IST)
‘ധോണി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്, അദ്ദേഹമില്ലെങ്കില്‍ ടീം തന്നെ ഇല്ല’, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കു മുമ്പ് മഹിയെക്കുറിച്ച് രോഹിത് ശര്‍മ്മ പറഞ്ഞ വാക്കുകളാണിത്. ധോണിയെന്ന നെടുംതൂണിനെ താരങ്ങള്‍ എത്രയധികം ആശ്രയിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഹിറ്റ്‌മാന്റെ ഈ പ്രസ്‌താവന.

രോഹിത്തിനു മാത്രമല്ല, ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കും പരിശീലകന്‍ രവി ശാസ്‌ത്രിക്കും ധോണിയുടെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ടീം ലോകകപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനം ധോണിക്ക് നിര്‍ണായകമായിരുന്നു. ഫോം വീണ്ടെടുത്ത് ടീമിലെ സ്ഥാനമുറപ്പിക്കാന്‍ ധോണിക്ക് ലഭിച്ച അവസരമായിരുന്നു ഈ പരമ്പര.

എന്നാല്‍ വിമര്‍ശകരെ പോലും അതിശയിപ്പിച്ച് ഓസ്‌ട്രേലിയയില്‍ ധോണി കരുത്തുകാട്ടി. ആദ്യ ഏകദിനത്തില്‍ 51 റണ്‍സ് കണ്ടെത്തിയപ്പോള്‍ അഡ്‌ലെയ്‌ഡില്‍ 55 റണ്‍സുമായി ടീമിനെ വിജയത്തിലെത്തിച്ചു. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 87 റണ്‍സ് അടിച്ചു കൂട്ടി ഓസീസ് മണ്ണില്‍ ഇന്ത്യക്ക് ചരിത്രവിജയം നേടിക്കൊടുത്തു.

മെല്‍‌ബണ്‍ ഏകദിനത്തിലെ പ്രകടനമാണ് ഒരു ഇടവേളയ്‌ക്ക് ശേഷം ധോണിയെ സ്‌റ്റാറാക്കിയത്. മഹിയുടെ ഈ പ്രകടനത്തിന് കാരണം രോഹിത് ശര്‍മ്മയുടെ ഇടപെടലാണെന്നതാണ് ശ്രദ്ധേയം.

പരമ്പരയില്‍ ധോണി അഞ്ചാമതും കാര്‍ത്തിക്ക് ആറാം സ്ഥാനത്തും ബാറ്റ് ചെയ്യണമെന്നായിരുന്നു ശാസ്‌ത്രിയുടെ തീരുമാനം. എന്നാല്‍ നാലാം നമ്പരില്‍ എത്തുന്ന അമ്പാട്ടി റായുഡു പരാജയമായതോടെ ധോണിയെ നാലാം നമ്പറില്‍ ഇറക്കണമെന്ന് രോഹിത് കോഹ്‌ലിയെ അറിയിച്ചു.

രോഹിത്തിന്റെ നിര്‍ദേശത്തിനനുസരിച്ച് മൂന്നാം ഏകദിനത്തില്‍ ധോണി നാലാം നമ്പറില്‍ ക്രീസില്‍ എത്തുകയും പരാജയത്തിന്റെ വക്കില്‍ നിന്നും ടീമിലെ വിജയത്തിലെത്തിക്കുകയുമായിരുന്നു. സമ്മര്‍ദ്ദ നിമിഷങ്ങളില്‍
ധോണിയെന്ന താരത്തെ ടീം എങ്ങനെ ആശ്രയിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഈ സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :