ഭുവിയുടെ ആ ഓവറിൽ കളി മാറി, ആഞ്ഞടിച്ച് കോഹ്ലി; വിൻഡീസിന് ഞെട്ടൽ

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (12:38 IST)
രണ്ടാം ഏകദിനത്തിലും സ്വപ്നങ്ങൾ തകർന്നടിഞ്ഞ് ആതിഥേയരായ വെസ്റ്റിൻഡീസ്. കോഹ്ലിപ്പടയുടെ തേരോട്ടത്തിനു മുന്നിൽ മുട്ടുകുത്തി വിൻഡീസ്. മഴ നിയമപ്രകാരം 59 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോലിയുടെ (120) സെഞ്ച്വറിക്കരുത്തില്‍ ഏഴു വിക്കറ്റിന് ഇന്ത്യ 279 റണ്‍സ് നേടി.

മറുപടിയില്‍ വിന്‍ഡീസ് ഇന്നിങ്‌സിനിടെ മഴയെത്തിയതോടെ വിജയലക്ഷ്യം 42 ഓവറില്‍ 270 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. 42 ഓവറില്‍ 270 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ ടീമിന് ജയം കൈയ്യെത്തും അകലെയുണ്ടായിരുന്നു. പക്ഷെ മുപ്പത്തഞ്ചാം ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാറിന്റെ ബൌളിംഗിനു മുന്നിൽ വിറങ്ങലിച്ച് വിൻഡീസ് പട.

ഇവിന്‍ ലൂയിസും (65) നിക്കോളാസ് പുരാനും (42) മാത്രമേ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നുള്ളൂ. നാലു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിന്റെ അന്തകനായത്. മുഹമ്മദ് ഷമിക്കും കുല്‍ദീപ് യാദവിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

കോലിയെക്കൂടാതെ (120) ശ്രേയസ് അയ്യരാണ് (71) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കസറിയത്. ശിഖര്‍ ധവാനെയും (2) രോഹിത് ശര്‍മയെയും (18) തുടക്കത്തില്‍ തന്നെ കൂടാരത്തിലേക്ക് മടക്കി അയക്കാൻ വിൻഡീസ് ബൌളർമാർക്ക് കഴിഞ്ഞു. എന്നാൽ, പിന്നാലെയെത്തിയ കോഹ്ലി ഇന്ത്യയെ ജയിപ്പിക്കാനുള്ള പ്രധാന കാരണമായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :