പ്രശസ്തരുടെ പ്രണയകാലങ്ങള്‍

WEBDUNIA|
ജി.കാര്‍ത്തികേയന്‍-സുലേഖ

ജി. കാര്‍ത്തികേയനും സുലേഖയ്ക്കും പ്രണയകാലത്തെക്കുറിച്ചു പറയുന്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഒരേ പേരാണ്-ജോണ്‍ ജോര്‍ജ്. സുഹൃത്തായ സുലേഖയെ സന്ദര്‍ശിക്കാന്‍ ജോണ്‍ സര്‍വകലാശാല ക്യാംപസിലെത്തി. അന്ന് അവര്‍ എം.എ മലയാളം വിദ്യാര്‍ത്ഥിനി. ജോണിനൊപ്പം ഒരിക്കല്‍ ലോ അക്കാദമിയിലെ സഹപാഠിയായ കാര്‍ത്തികേയനുമുണ്ടായിരുന്നു. ആദ്യത്തെ കൂടിക്കാഴ്ച! യൂണിവേഴ്സിറ്റിയിലും ലൈബ്രറിയിലും ആ കൂടിക്കാഴ്ചകള്‍ തുടര്‍ന്നു.

സുലേഖയ്ക്ക് ഇന്നും പരിഭവം ""എന്നെ ഇഷ്ടമാണെന്ന് കാര്‍ത്തികേയന്‍ ഇന്നുവരെ പറഞ്ഞിട്ടില്ല!'' പക്ഷേ ഹിദൂര്‍ മുഹമ്മദിനും പി.കെ. സഷീറിനുമൊപ്പം കാര്‍ത്തികേയന്‍ സുലേഖയുടെ വീട്ടിലെത്തി, 1979 ഏപ്രിലില്‍ തിരുവല്ലയില്‍ എക്സ് സര്‍വീസ് കാരന്‍ ജി. കൃഷ്ണപ്പണിക്കരോട് പെണ്ണു ചോദിക്കാനായിരുന്നു വരവ്. കെ. കരുണാകരന്‍റെ മകള്‍ പത്മജയുടെ വിവാഹം കഴിഞ്ഞു മടങ്ങും വഴിയായിരുന്നു സന്ദര്‍ശനം.

വര്‍ക്കല കണ്ണന്പയിലുള്ള കാര്‍ത്തികേയന്‍റെ വീടും ദരിദ്രമായ ചുറ്റുപാടും മനസ്സിലാക്കിയപ്പോഴേ കൃഷ്ണപ്പണിക്കരും മറ്റു ബന്ധുക്കളും തീരുമാനിച്ചു. ഈ ബന്ധം വേണ്ട. എട്ടുമക്കളില്‍ മൂത്തത് കാര്‍ത്തികേയന്‍. ആവശ്യത്തിന് ദാരിദ്യ്രം. ജോലി-കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്. എം.എ. ഒന്നാം റാങ്ക് നേടിയ സുലേഖ അപ്പോഴേക്കും മഞ്ചേരി എന്‍.എസ്.എസ്. കോളജില്‍ അധ്യാപികയായി ജോലി നേടിയിരുന്നു.

കാര്‍ത്തികേയനുമായുള്ള ബന്ധത്തില്‍ ഉറച്ചുനിന്ന സുലേഖ വീട്ടുതടങ്കലിലായി.പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ ഇന്‍ലന്‍റില്‍ മുന തേഞ്ഞ പെന്‍സില്‍ കൊണ്ട് കുളിമുറിയിലെ ഭിത്തിയില്‍ വച്ചെഴുതിയ കത്താണ് വഴിത്തിരിവായത്. വിലാസക്കാരനെ കണ്ടെത്താനാവതെ അലഞ്ഞ പോസ്റ്റുമാന്‍ കീറിക്കളയും മുന്പ് കത്തു വായിക്കാമെന്നു കരുതി. അവസാനം തന്പാനൂര്‍ സലാം ലോഡ്ജില്‍ കാര്‍ത്തികേയന്‍റെ കൈയില്‍ സന്ദേശമെത്തി.

ബന്ധം അവസാനിപ്പിച്ചെന്ന് വീട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പോടെ സുലേഖ വീണ്ടും കോളജില്‍ പോയിത്തുടങ്ങി.കോളജിലെത്തിയ പി.എം. ബഷീര്‍ വൈകിട്ട് എം.പി. ഗംഗാധരന്‍റെ വീട്ടില്‍ കാര്‍ത്തികേയന്‍ കാത്തിരിക്കുമെന്നറിയിച്ചു.ഡി.സി.സി പ്രസിഡന്‍റ് ഹംസ കൊടുത്ത 50 രൂപയുമായി തിരുവനന്തപുരത്തേക്ക്. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം സുലേഖ കോളജിലേക്ക് തിരിച്ചുപോയി.തിരുവനന്തപുരം ബാങ്ക് എംപ്ളോയീസ് ഹാളില്‍ നാലാളറിയെ നടന്ന വിവാഹത്തില്‍ അപരിചിതരെപ്പോലെ അച്ഛനും അമ്മയും പങ്കെടുത്തത് സുലേഖ ഓര്‍ക്കുന്നു.

ആ വേദനകള്‍ക്കു പകരം കിട്ടിയത് നിതാന്തമായൊരു പ്രണയം. തുടങ്ങിയതെപ്പോഴെന്നറിയാതെ അവസാനമില്ലെന്നു മാത്രം അറിയുന്ന പ്രണയം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :