പ്രണയം: വിദ്യാര്‍ഥികളുടെ സംവാദം

WEBDUNIA|
അറുപതുകളിലെ പ്രണയത്തിന്‍റെ തീക്ഷ്ണതയും ആര്‍ജ്ജവവും ഇല്ല 2001-ന്‍റെ ക്യാംപസ് പ്രണയത്തിനെന്ന വിമന്‍സ് കോളജ് മലയാളം വകുപ്പിലെ വിജയകുമാരി ടീച്ചറുടെ അനുഭവസാക്ഷ്യം അവതാരകനു പിടിവള്ളിയായി. 30 വര്‍ഷം മുന്പുള്ള തന്‍റെ അനുരാഗദിനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ടീച്ചര്‍. "" അന്നു പ്രണയിച്ചയാളെ സ്വന്തമാക്കണമെന്ന ഏകലക്ഷ്യമായിരുന്നൂ പ്രണയിക്കുന്പോള്‍.

ഇന്ന് പ്രണയം ദിവ്യവികാരമല്ല. അതൊരു സമയംപോക്കായിരിക്കുന്നു. സുന്ദരനായ ചെറുപ്പക്കാരനേയോ സുന്ദരിയായ പെണ്‍കുട്ടിയേയോ ചുറ്റിപ്പറ്റി പ്രണയിതാക്കളുടെ ഒരുപറ്റം. ഐസ്ക്രീം പാര്‍ലറിലും സിനിമാശാലകളിലും ഒരുമിച്ചു ചിലവിടാനുള്ള ഒരു താല്‍ക്കാലിക ലൈസന്‍സായി പ്രണയം എല്ലാ ആര്‍ദ്രതകളും നഷ്ടപ്പെട്ട് മാറിപ്പോയിരിക്കുന്നു. ജോലിയും വരുമാനവും ഉള്ളവര്‍ക്കു മാത്രം ലഭ്യമാകുന്ന ഒന്നായിമാറുകയാണ് ഇന്ന് പ്രണയം.''

അവിടുന്നങ്ങോട്ട് നൂറ്റാണ്ട് പിന്നിട്ട കലാലയമുത്തശ്ശിയുടെ മുറ്റം യുവമനസ്സുകളുടെ പ്രണയവീക്ഷണങ്ങളുടെ ലാവാപ്രവാഹത്തില്‍ ഉരുകി. അണപൊട്ടിയൊഴുകിയ പ്രണയാഭിപ്രായങ്ങളില്‍ തിളയ്ക്കുന്ന ഉച്ചച്ചൂടിന്‍റെ ഉഷ്ണം അവര്‍ക്കു ഐസ്ക്രീം മധുരമായി.

ക്യാംപസ് പ്രണയം എന്നൊന്നുണ്ടോ? പ്രദീപിന്‍റെ ചോദ്യത്തിന് അദ്യമറുപടി സ്ത്രീ പക്ഷത്തുനിന്നും.

""ഉണ്ട് പക്ഷേ അവ വെറും ടൈംപാസ്. പഞ്ചാരയടിയും വായ്നോട്ടവും മാത്രം. അല്ലാതെ അത്മാര്‍ത്ഥ പ്രണയമൊക്കെ ഇപ്പോഴും ഉണ്ടോ ?'' സംശയം വിമന്‍സ് കോളേജിലെ നൗഫയ്ക്ക്.

""അത് വിമന്‍സ് കോളജിന്‍റെ അഭിപ്രായം. ഇവിടെ പ്രേമിക്കാന്‍ പയ്യന്മാരെവിടെ ? '' വിമന്‍സ് കോളജുകള്‍ വരണ്ടപ്രണയഭൂമികള്‍ക്ക് ഉത്തമ ഉദാഹരണം എന്നുകൂടി പറഞ്ഞപ്പോള്‍ പെണ്‍പ്രജ പ്രതിപക്ഷമായി ഷാജിയെ "കൂവിവെളുപ്പിച്ചു.'




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :